ഐ.പി.എല്‍ മാതൃകയില്‍ യു.എ.ഇയുടെ അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റ് ലീഗ് വരുന്നു
ഐ.പി.എൽ മോഡലിൽ ഇന്ത്യയിൽ നിന്നടക്കം ലോകോത്തര ക്രിക്കറ്റ് താരങ്ങളെ പങ്കെടുപ്പിക്കാനാണ് തീരുമാനം
ഐ.പി.എല്‍ മാതൃകയില്‍ യു.എ.ഇയുടെ അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റ് ലീഗ് വരുന്നു.ആദ്യ എഡിഷന് അടുത്തവര്‍ഷം ജനുവരി ആറ് മുതല്‍ ഫെബ്രുവരി 12 വരെയാണ് നടക്കുക.
ഐ.എല്‍.ടി 20 എന്നാണ് ലീഗിന്റെ പേര്. ഐ.പി.എല്‍ മോഡലില്‍ ഇന്ത്യയില്‍ നിന്നടക്കം ലോകോത്തര ക്രിക്കറ്റ് താരങ്ങളെ പങ്കെടുപ്പിക്കാനാണ് തീരുമാനം.
ആറ് ടീമുകളാണ് പങ്കെടുക്കുക. 34 മത്സരങ്ങളുണ്ടാകും. ഓരോ ടീമും രണ്ട് തവണ ഏറ്റുമുട്ടുന്ന രീതിയിലാണ് ഷെഡ്യൂള്‍. നാല് പ്ലേ ഓഫ് മത്സരങ്ങളുണ്ടാകും. ഇന്ത്യക്കും ഏറെ പ്രാധാന്യമുള്ള ലീഗാണിത്. പങ്കെടുക്കുന്ന ആറ് ടീമുകളില്‍ അഞ്ചും സ്വന്തമാക്കിയിരിക്കുന്നത് ഇന്ത്യന്‍ ഫ്രാഞ്ചൈസികളാണ്. ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഡല്‍ഹി കാപ്പിറ്റല്‍സിന്റെ ഉടമകളായ ജി.എം.ആര് ഗ്രൂപ്പ്, മുംബൈ ഇന്ത്യന്‍സിന്റെ ഉടമകളായ റിലയന്‍സ്, ഇന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാപ്രി ഗ്ലോബല്‍, അദാനി ഗ്രൂപ്പിന്റെ അദാനി സ്പോര്‍ട്സ് ലൈന്‍ എന്നിവയാണ് ഇന്ത്യന്‍ ഫ്രാഞ്ചൈസികള്‍.
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഫുട്ബാള്‍ ടീമിന്റെ ഉടമകളായ ലാന്‍സര്‍ കാപ്പിറ്റലാണ് ഇന്ത്യയില്‍ നിന്നല്ലാത്ത ഏക ഫ്രാഞ്ചൈസി. വൈകാതെ ടൂര്ണമെന്റിലേക്ക് താരങ്ങളെ ഏറ്റെടുക്കുന്നത് ആരംഭിക്കും. ഐ.പി.എല്ലില്‍ നിന്നുള്ള താരങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. ക്രിക്കറ്റ് പ്രേമികളെ ത്രസിപ്പിക്കുന്നതായിരിക്കും ഐ.എല്‍.ടി 20 എന്ന് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും യു.എ.ഇ സാംസ്കാരിക, യുവജന, സാമൂഹിക വികസന, സഹിഷ്ണുത മന്ത്രിയുമായ ശൈഖ് നഹ്യാന് ബിന്‍ മുബാറഖ് ആല് നഹ്യാന് പറഞ്ഞു