കേരളം
പിസ്തയുടെ തൊലി തൊണ്ടയില്‍ കുടുങ്ങി; രണ്ടു വയസ്സുകാരന് മരിച്ചു
കാസര്‍കോട് : പിസ്തയുടെ തൊലി തൊണ്ടയില്‍ കുടുങ്ങി രണ്ടു വയസ്സുകാരന് മരിച്ചു. കാസര്‍കോട് കുമ്പള ഭാസ്കര നഗറിലെ അന്‍വറിന്റെയും മെഹറൂഫയുടെയും മകന് മുഹമ്മദ് റിഫായി അനസാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് വീട്ടില്‍ വെച്ചാണ് കുട്ടി പിസ്തയുടെ തൊലി കഴിച്ചത്.
തൊണ്ടയില്‍ കുടുങ്ങിയതോടെ വീട്ടുകാര്‍ കൈകൊണ്ട് ഒരു കഷണം വായില്‍നിന്ന് എടുത്തുമാറ്റി. പിന്നീട് കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് വീട്ടിലേക്ക് തിരിച്ചയച്ചു.
എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചെ കുട്ടിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.