വൈറ്റ്ഹൗസിന് സമീപം വെടിവെപ്പ്; രണ്ട് സൈനികര്‍ക്ക് പരിക്ക്

വാഷിങ്ടണ്‍ ഡിസി : അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഔദ്യോഗികവസതിയായ വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവെപ്പില്‍ രണ്ടു സൈനികര്‍ക്ക് പരിക്കേറ്റു. പശ്ചിമ വിര്‍ജീനിയ സ്വദേശികളായ നാഷണല്‍ ഗാര്‍ഡ്‌സ് അംഗങ്ങള്‍ക്കാണ് ഗുരുതര പരിക്കേറ്റത്. അക്രമിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് വ്യക്തമാക്കി.
ഇയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. 2021 ല്‍ അമേരിക്കയില്‍ എത്തിയ 29 കാരനായ അഫ്ഗാന്‍ പൗരനാണ് അക്രമിയെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെറ്റ് ഹൗസിന് ഏതാണ്ട് അടുത്തുള്ള മെട്രോ സ്റ്റോപ്പിന് സമീപത്ത് വച്ചാണ് വെടിവെപ്പുണ്ടായത്.
പരിക്കേറ്റ സൈനികരില്‍ ഒരാള്‍ സ്ത്രീയാണ്. 10 മുതല്‍ 15 തവണയാണ് അക്രമി വെടിയുതിര്‍ത്തത്. രണ്ട് സൈനികര്‍ക്കും തലയ്ക്കാണ് വെടിയേറ്റിട്ടുള്ളത്. വെടിവെപ്പിനെ തുടര്‍ന്ന് വൈറ്റ് ഹൗസ് അടച്ചു. പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. വെടിവെപ്പ് നടക്കുമ്പോൾ പ്രസിഡന്റ് ട്രംപ് ഫ്ലോറിഡയിൽ വെസ്റ്റ് പാം ബീച്ച് ഗോൾഫ് ക്ലബ്ബിലായിരുന്നു.


