ഇറ്റലിയില്‍ ഹൈവേയിൽ സ്വകാര്യ വിമാനം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

റോം : ഇറ്റലിയില്‍ സ്വകാര്യ വിമാനം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച ഉച്ചയോടെ നോര്‍ത്തേണ്‍ ഇറ്റലിയിലെ ബ്രെസ്‌സിയ എന്ന സ്ഥലത്തെ ഹൈവേയിലാണ് വിമാനം വീണ് തകര്‍ന്നത്. മിലാനില്‍ നിന്നുള്ള അഭിഭാഷകനും പൈലറ്റുമായ സെര്‍ജിയോ റവാഗ്‌ലിയ (75), പങ്കാളി ആന്‍ മരിയ ദെ സ്‌റ്റെഫാനോ (60) എന്നിവരാണ് കൊല്ലപ്പെട്ടത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
ഭാരം കുറഞ്ഞ ഫ്രെച്ച ആര്‍ജി ഇറ്റാലിയന്‍ വിമാനമാണ് അപകടത്തില്‍പെട്ടത്. എമര്‍ജന്‍സി ലാന്‍ഡിങ് നടത്താന്‍ വേണ്ടിയാവാം സെര്‍ജിയോ ഹൈവേയ്ക്ക് മുകളില്‍ എത്തിയത് എന്ന് പോലീസ് പറയുന്നു. എന്നാല്‍ പൂര്‍ണമായും നിയന്ത്രണം നഷ്ടപ്പെട്ട വിമാനം മൂക്കുംകുത്തി നടുറോഡില്‍ വീണതിന് പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നു. വിമാനം പൂര്‍ണമായും കത്തിനശിച്ചു.
അപകടത്തില്‍, റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ബ്രെസ്‌സിയ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാഷണല്‍ ഏജന്‍സി ഫോര്‍ ഫ്‌ളൈറ്റ് സേഫ്റ്റിയും അന്വേഷണത്തിനായി ഉദ്യോഗസ്ഥരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.