തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു
തിരുവനന്തപുരം : തിരുവനന്തപുരം ഉള്ളൂര്‍ തുറുവിയ്ക്കല്‍ ക്ഷേത്രക്കുളത്തില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. ഓട്ടോ ഡ്രൈവര്‍മാരായ പാറോട്ടുകോണം സ്വദേശികളായ ജയന്‍, പ്രകാശന്‍ എന്നിവരാണ് മരിച്ചത്.
ഉച്ചയ്ക്ക് 12 മണിയോടെയാണ് ക്ഷേത്രക്കുളത്തില്‍ മൂന്നുപേര്‍ അപകടത്തില്‍പ്പെട്ടതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. 11 മണിയോടെ മൂന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ കുളിക്കാനായി കുളത്തില്‍ ഇറങ്ങുകയായിരുന്നു. ആഴക്കുടുതല്‍ ഉള്ളതിനാല്‍ ആളുകള്‍ ഇറങ്ങാതിരിക്കാനായി ചുറ്റുമതിലും ഗേറ്റ് ഉണ്ടായിരുന്നു. ഇതുകടന്ന് മൂന്നുപേരും കുളിക്കാനിറങ്ങി. 12 മണിയോടെ ഇവര്‍ മുങ്ങിത്താഴുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
ഉടന്‍ തന്നെ നാട്ടുകാര്‍ കുളത്തില്‍ ഇറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തി. മൂന്നുപേരെ ഉടന്‍ തന്നെ കരയ്ക്ക് എത്തിച്ചെങ്കിലും അപ്പോഴെക്കും രണ്ടുപേര്‍ മരിച്ചിരുന്നു. പരിക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.