അന്തർദേശീയം

ഖഷോഗി വധം : നിലപാടില്‍ മലക്കം മറിഞ്ഞ് ട്രംപ്

വാഷിങ്ടൺ ഡിസി : മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി വധത്തില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ പ്രതിരോധിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൗദി വിമര്‍ശകനും വാഷിങ്ടന്‍ പോസ്റ്റ് കോളമിസ്റ്റുമായിരുന്ന ജമാല്‍ ഖഷോഗി കൊല്ലപ്പെട്ട സംഭവത്തില്‍ സൗദി കിരീടാവകാശിക്ക് പങ്കില്ലെന്നാണ് ട്രംപിന്റെ പുതിയ നിലപാട്. യുഎസ് സന്ദര്‍ശനത്തിനിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഡോണള്‍ഡ് ട്രംപും നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് നിര്‍ണായക പ്രതികരണം.

ജമാല്‍ ഖഷോഗി വധത്തില്‍ സൗദിയുടെ പങ്ക് കണ്ടെത്തിയ 2021ലെ സിഐഎ റിപ്പോര്‍ട്ടിനെ തള്ളുന്നാണം ട്രംപിന്റെ പുതിയ പ്രഖ്യാപനം. 2018ല്‍ ആണ് ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ യുഎസും സൗദി അറേബ്യയും തമ്മില്‍ വലിയ ഭിന്നതകള്‍ ഉടലെടുക്കുകയും ചെയ്തിരുന്നു. കൊലപാതകത്തിന് ഉത്തരവിട്ടത് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആയിരിക്കാമെന്ന അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണം. 2018 ന് ശേഷം ഇതാദ്യമായാണ് സൗദി കിരീടാവകാശി യുഎസില്‍ എത്തിയത്.

തന്റെ അതിഥിയെ അപമാനിക്കാന്‍ വേണ്ടി മാത്രമാണ് ജമാല്‍ ഖഷോഗി വിഷയം മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ചതെന്നും ട്രംപ് കുറ്റപ്പെടുത്തി. ഖഷോഗി വിവാദ വ്യക്തിയായിരുന്നു. ചിലപ്പോള്‍ അരുതാത്തത് സംഭവിക്കുമെന്നും മുഹമ്മദ് ബിന്‍ സുല്‍ത്താനുമായി വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചക്കിടെ ട്രംപ് പറഞ്ഞു. ”നിങ്ങള്‍ ഉന്നയിക്കുന്നത് വിവാദപുരുഷനായ ഒരാളെക്കുറിച്ചാണ്. ആ മാന്യനെ ഒരുപാട് പേര്‍ക്ക് ഇഷ്ടമായിരുന്നില്ല. നിങ്ങള്‍ക്ക് അദ്ദേഹത്തെ ഇഷ്ടമായാലും ഇല്ലെങ്കിലും പലതും സംഭവിക്കും. അദ്ദേഹത്തിന് ഇതേക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു, നമുക്ക് ഇത് ഇവിടെ നിര്‍ത്താം, എന്നും സൗദി കിരീടാവകാശിയുടെ നേരെ തിരിഞ്ഞുകൊണ്ട് ട്രംപ് പറഞ്ഞു.

അതേസമയം, സൗദി കിരീടാവകാശിയുടെ യുഎസ് സന്ദര്‍ശനത്തിന്റെ ഭാഗമായി വന്‍ വ്യാപാര കരാറുകള്‍ക്കാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത്. ഇരു രാജ്യങ്ങളും സിവില്‍ ആണവോര്‍ജം, അത്യാധുനിക യുഎസ് എഫ്-35 യുദ്ധവിമാനങ്ങള്‍ എന്നിവയുടെ വില്‍പ്പന എന്നിവയുമായി ബന്ധപ്പെട്ട കരാറുകളില്‍ ഒപ്പുവച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button