ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് കനത്ത തീരുവ ഏർപ്പെടുത്താൻ ട്രംപിന്റെ നീക്കം

വാഷിങ്ടൺ ഡിസി : ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് കനത്ത തീരുവ ഏർപ്പെടുത്താൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കം. വ്യാപാരയുദ്ധത്തിൽ ഇതുവരെ ഒഴിവാക്കിയിരുന്ന മരുന്നുകളെയാണ് ട്രംപ് നോട്ടമിടുന്നത്. മറ്റു രാജ്യങ്ങളിൽ നിന്നുള്ള മരുന്നുകൾക്ക് 200% വരെ തീരുവ ചുമത്തുമെന്നാണ് ഭീഷണി. പുറംരാജ്യങ്ങളിൽ നിന്നുള്ള മരുന്നുകൾക്ക് യുഎസിൽ നികുതി ഒഴിവാക്കി നിൽകിയിരുന്നു. എന്നാൽ, അടുത്തിടെ യൂറോപ്പിൽ നിന്നുള്ള ചില മരുന്നുകൾക്ക് 15% തീരുവ ചുമത്തിയിട്ടുണ്ട്.
അതേസമയം, ട്രംപിന്റെ പുതിയ നീക്കം വിലക്കയറ്റവും മരുന്ന് ക്ഷാമവും ഉണ്ടാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 25% തീരുവ ചുമത്തിയാൽ പോലും യുഎസിൽ മരുന്ന് വില 10–14% വരെ ഉയർന്നേക്കും. 97% ആന്റിബയോട്ടിക്കുകളും 92% ആന്റിവൈറൽ മരുന്നുകളും ഇറക്കുമതി ചെയ്യുന്ന ഘടകങ്ങൾ ഉപയോഗിച്ചാണ് നിർമിക്കുന്നത്. മുഴുവൻ നിർമാണ ശൃംഖലയും യുഎസിൽ സ്ഥാപിക്കുന്നത് ചെലവേറിയതായതിനാലാണ് കമ്പനികൾ ഇങ്ങനെ ചെയ്യുന്നത്.
വൻകിട കമ്പനികൾ പിടിച്ചുനിൽക്കുമെങ്കിലും ജനറിക് മരുന്നുകൾ നിർമിക്കുന്ന കമ്പനികൾ യുഎസ് വിടാൻ ഇതു കാരണമാകും. ഇത് മരുന്നു ക്ഷാമത്തിന് ഇടവരുത്തും. സമൂഹത്തിലെ ദരിദ്രരും പ്രായമേറിയവരും ഇതിന്റെ ആഘാതം അനുഭവിക്കേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്. മരുന്നുവില കുറയ്ക്കുമെന്നായിരുന്നു യുഎസ് ജനതയ്ക്ക് ട്രംപ് വാഗ്ദാനം നൽകിയിരുന്നത്. എന്നാൽ, പുതിയ നീക്കം തിരിച്ചടിയാകുമെന്നാണ് സൂചന. വർധിപ്പിച്ച തീരുവ ഒന്നര വർഷത്തിനു ശേഷം മാത്രമേ പ്രാബല്യത്തിൽ വരാനിടയുള്ളൂ. കമ്പനികൾക്ക് മരുന്നുകൾ സ്റ്റോക്ക് ചെയ്യുന്നതിനു വേണ്ടിയാണിത്.