അന്തർദേശീയം

ഗസ്സ വെടിനിർത്തൽ കരാർ; നിർണായക ചർച്ചക്കായി നെതന്യാഹു നാളെ അമേരിക്കയിൽ

തെൽ അവീവ് : പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപുമായുള്ള നിർണായക ചർച്ചക്കായി​ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നാളെ അമേരിക്കയിൽ. ഗസ്സയിലെ ആക്രമണ പദ്ധതിയും വെടിനിർത്തൽ കരാർ സാധ്യതയുമാകും ട്രംപ്​-നെതന്യാഹു ചർച്ചയിൽ പ്രധാനമായും ഇടംപിടിക്കുക.

ബന്ദികളുടെ മോചനത്തിന്​ തയാറായില്ലെങ്കിൽ ഗസ്സയെ നരകമാക്കുമെന്ന പ്രഖ്യാപനം ട്രംപ്​ ആവർത്തിക്കുന്നുണ്ടെങ്കിലും ഈജിപ്ത്​ മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം ചർച്ചയിൽ ഉന്നയിക്കപ്പെടുമെന്നാണ്​ സൂചന. അടുത്ത മാസം ഗൾഫ്​ പര്യടനം നടക്കാനിരിക്കെ, അറബ്​ സമ്മർദത്തെ പൂർണമായും ട്രംപ്​ അവഗണിക്കാൻ ഇടയില്ലെന്നാണ്​ യു.എസ്​ മാധ്യമങ്ങളുടെ വിലയിരുത്തൽ. ഇറാൻ ആണവ പദ്ധതി, സിറിയയിലെ തുർക്കി ഇടപെടൽ എന്നിവയും ട്രംപ്​ നെതന്യാഹു കൂടിക്കാഴ്​ചയിൽ ചർച്ചയാകും.

ഹമാസുമായി കരാർ രൂപപ്പെടുത്തി ബന്ദികളുടെ മോചനം ഉറപ്പാക്കാതെ അമേരിക്കയിൽനിന്ന്​ മടങ്ങരുതെന്നാവശ്യപ്പെട്ട്​ ഇസ്രായേൽ തലസ്​ഥാനമായ തെൽ അവീവിൽ വൻ റാലി നടന്നു. ഇസ്രായേൽ തുടരുന്ന ആക്രമണത്തിൽനിന്ന്​ തങ്ങൾ കഷ്ടിച്ച്​ രക്ഷപ്പെട്ടതായി വെളിപ്പെടുത്തുന്ന രണ്ട്​ ബന്ദികളുടെ വീഡിയോ ഹമാസ്​ പുറത്തുവിട്ടു.

തെക്കൻ ഗസ്സയിൽ ഇസ്രായേൽ സേന കൂടുതൽ പിടിമുറുക്കിയതോടെ വ്യാപക കൂട്ടക്കുരുതിയാണ് അരങ്ങേറുന്നത്. പിന്നിട്ട 24 മ​ണി​ക്കൂ​റി​നി​ടെ 60 ഫ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. 162 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

തെക്കൻ ഗസ്സയിൽ പുതുതായി തുറന്ന സുരക്ഷാ ഇടനാഴിയിലേക്ക്​ കൂടുതൽ സൈനികരെ ഇസ്രായേൽ നിയോഗിച്ചു. അതിനിടെ, മെഡിക്കൽ ജീവനക്കാർ ഉൾപ്പെടെ 14 പേരെ കൊന്നു കുഴിച്ചു മൂടിയ ഇസ്രായേൽ ക്രൂരതയുടെ പുതിയ തെളിവുകൾ പുറത്തുവന്നതോടെ, അന്വേഷണത്തിന്​ ഉത്തരവിട്ടതായി സേന അറിയിച്ചു. ബ്രിട്ടൻ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഇസ്രായേൽ ക്രൂരതക്കെതിരെ രംഗത്തുവന്ന സാഹചര്യത്തിലാണ്​ നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button