യുക്രെയ്ന് യുദ്ധം 50 ദിവസത്തിനുള്ളില്‍ അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യക്കെതിരെ കനത്ത തീരുവകള്‍ ചുമത്തും : ട്രംപ്

വാഷിങ്ടണ്‍ ഡിസി : യുക്രെയ്ന് യുദ്ധം 50 ദിവസത്തിനുള്ളില്‍ അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യക്കെതിരെ കനത്ത തീരുവകള്‍ ചുമുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളും അധിക തീരുവ നേരിടേണ്ടിവരും. പാശ്ചാത്യ സൈനികസഖ്യമായ നാറ്റോയുടെ സെക്രട്ടറി ജനറല്‍ മാര്‍ക് റട്ടുമായി വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രഖ്യാപനം.
‘യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ 50 ദിവസത്തിനുള്ളില്‍ ധാരണയിലെത്തുന്നില്ലെങ്കില്‍ റഷ്യയ്ക്കുമേല്‍ കനത്ത തീരുവകള്‍ ചുമത്തും. ഞാന്‍ പല കാര്യങ്ങള്‍ക്കും വ്യാപാരം ഉപയോഗിക്കുന്നു. എന്നാല്‍ യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ അത് വളരെ നല്ലതാണ്.’ ട്രംപ് പറഞ്ഞു. എന്നാല്‍ തീരുവ ചുമത്തുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ട്രംപ് തയ്യാറായില്ല
യുക്രെയ്നിനു വ്യോമപ്രതിരോധ പേട്രിയട്ട് മിസൈല്‍ അടക്കം ആധുനിക ആയുധങ്ങള്‍ നല്‍കുമെന്നും ട്രംപ് പറഞ്ഞു. ഇതിന്റെ ചെലവ് നാറ്റോ അംഗങ്ങള്‍ വഹിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷാവിഷയങ്ങള്‍ ഉള്‍പ്പടെ ചര്‍ച്ച ചെയ്യാന്‍ ട്രംപിന്റെ പ്രതിനിധി കെയ്ത്ത് കെലോഗ് യുക്രെയ്ന് തലസ്ഥാനമായ കീവില്‍ എത്തി. യുക്രെയ്ന് സൈനിക, ഇന്റലിജന്‍സ് മേധാവിമാരുമായും കൂടിക്കാഴ്ച നടത്തും. റഷ്യയുമായി വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണു യുക്രെയ്നിനു കൂടുതല്‍ ആയുധം നല്‍കാമെന്ന നയംമാറ്റത്തിലേക്കു ട്രംപ് എത്തിയത്