അന്തർദേശീയം

അസ്തിത്വ ഭീഷണി നേരിടുന്ന ക്രിസ്തുമതത്തെ രക്ഷിക്കാന്‍ തയ്യാർ : ട്രംപ്

വാഷിങ്ടണ്‍ ഡിസി : നൈജീരിയയില്‍ ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മഹത്തായ ക്രിസ്ത്യന്‍ ജനതയെ രക്ഷിക്കാന്‍ താന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് പറയുന്നു. നൈജീരിയയിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ തീവ്ര ഇസ്ലാമിസ്റ്റുകള്‍ പീഡിപ്പിക്കുന്നു എന്ന പരാമര്‍ശത്തോടെ ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പ്രതികരണം.

മുസ്ലീം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷം പരാമര്‍ശിച്ചാണ് ട്രംപ് പുതിയ ചര്‍ച്ചാ വിഷയം ഉയര്‍ത്തുന്നത്. നൈജീരിയയിലും മറ്റ് രാജ്യങ്ങളിലും ക്രൂരതകള്‍ നടക്കുമ്പോള്‍ അമേരിക്ക വെറുതെ നോക്കിനില്‍ക്കില്ലെന്ന് ട്രംപ് ഉറപ്പിച്ചു പറഞ്ഞു. ‘നൈജീരിയയില്‍ ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുകയാണ്. ആയിരക്കണക്കിന് ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുന്നു. തീവ്ര ഇസ്ലാമിസ്റ്റുകളാണ് ഈ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികള്‍. ഈ സാഹചര്യത്തില്‍ ഞാന്‍ നൈജീരിയയെ ‘പ്രത്യേക ആശങ്കയുള്ള രാജ്യമായി’ പ്രഖ്യാപിക്കുന്നു. ഇത് ഏറ്റവും കുറഞ്ഞ നടപടിയാണ്. നൈജീരിയയില്‍ സംഭവിക്കുന്നത് പോലെ ക്രിസ്ത്യാനികളോ അത്തരം ഏതെങ്കിലും വിഭാഗമോ ആക്രമിക്കപ്പെടുമ്പോള്‍ ഇടപെടല്‍ ആവശ്യമാണ്. എന്തെങ്കിലും ചെയ്തേ മതിയാകൂ!’ എന്നാണ് ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലെ ഉള്ളടക്കം.

വിഷയം അന്വേഷിക്കണം എന്ന നിര്‍ദേശവും ട്രംപ് മുന്നോട്ട് വയ്ക്കുന്നു. യുഎസ് കോണ്‍ഗ്രസ് പ്രതിനിധികളായ ടോം കോളിന്‍, റൈലി മൂര്‍ എന്നിവരെയാണ് അന്വേഷണത്തിനായി യുഎസ് പ്രസിഡന്റ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

നൈജീരിയയില്‍ ക്രിസ്ത്യന്‍ വംശഹത്യ നടക്കുന്നുവെന്ന് നേരത്തെയും യുഎസ് ആരോപണം ഉന്നിയിച്ചിരുന്നു. ഈ ആക്ഷേപം നൈജീരിയ തള്ളുകയും ചെയ്തിരുന്നു. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് നൈജീരിയ. രാജ്യത്തിന്റെ വടക്ക് മുസ്ലീം ഭൂരിപക്ഷവും തെക്ക് ക്രിസ്ത്യന്‍ ഭൂരിപക്ഷവുമാണ്. വടക്കുകിഴക്കന്‍ നൈജീരിയയില്‍ കഴിഞ്ഞ 15 വര്‍ഷമായി ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ബൊക്കോ ഹറാമിന്റെ പ്രവര്‍ത്തനം ശക്തമാണ്. ബൊക്കോ ഹറാമിന്റെ ആക്രമണങ്ങളില്‍ 40,000-ത്തിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 20 ലക്ഷം പേര്‍ക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button