റഷ്യൻ എണ്ണ : മോദി ഒടുവിൽ വഴങ്ങി എന്ന് ട്രംപ്; പ്രതികരിക്കാതെ മോദി

വാഷിങ്ടണ്‍ ഡിസി : റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയ്ക്ക് മേല്‍ സാമ്പത്തിക സമ്മര്‍ദം ഏര്‍പ്പെടുത്തുന്നതിലെ സുപ്രധാന ചുവടുവയ്പ്പ് എന്ന പരാമര്‍ശത്തോടെയാണ് ട്രംപിന്റെ പ്രഖ്യാപനം. റഷ്യയുമായുള്ള എണ്ണ ഇടപാട് അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് പറഞ്ഞെന്നും യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടു. വൈറ്റ് ഹൗസില്‍ നടന്ന ഒരു പരിപാടിയില്‍ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണവാങ്ങുന്നതില്‍ ഞാന്‍ സന്തുഷ്ടനായിരുന്നില്ല, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് അദ്ദേഹം ഇന്ന് എനിക്ക് ഉറപ്പ് നല്‍കി, എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. എന്നാല്‍ ഈ പ്രഖ്യാപനത്തോടെ മോദി ഇതുവരെ പ്രതികരിച്ചിട്ടില്ല.
റഷ്യന്‍ എണ്ണ ഇടപാടിന്റെ പേരില്‍ ആയിരുന്നു ഇന്ത്യക്ക് മേല്‍ ട്രംപ് ഭരണകൂടം 50 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയത്. അധിക ഇറക്കുമതി തീരുവ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ കയറ്റുമതിയില്‍ 12 ശതമാനത്തോളം ഇടിവാണ് ഇരട്ട താരിഫ് മൂലം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
റഷ്യ – യുക്രൈന്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ റഷ്യയെ സാമ്പത്തികമായി സമ്മര്‍ദത്തിലാക്കാനുള്ള യുഎസ് ശ്രമം പുരോഗമിക്കെ ഇന്ത്യ ഇടപാടില്‍ നിന്നും പിന്‍മാറിയാല്‍ ആഗോള തലത്തില്‍ തന്നെ ഊര്‍ജ വിപണിയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കും എന്നാണ് വിലയിരുത്തല്‍.