കാനഡയ്ക്കും മെക്സിക്കോയ്ക്കും താരിഫ് : നിലപാടിൽ മാറ്റമില്ലെന്ന് ട്രംപ്, തീരുവ ചുമത്തുന്നത് ഇന്നുമുതൽ

വാഷിങ്ടൻ : കാനഡയ്ക്കും മെക്സിക്കോയ്ക്കും എതിരെ ചുമത്തിയ താരിഫുകൾ ഒഴിവാക്കാനാകില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താരിഫുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിൽ ഇതൊഴിവാക്കാനുള്ള കരാറിന്റെ സാധ്യതയെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. നേരത്തേ തീരുമാനിച്ച പോലെ താരിഫുകൾ മാർച്ച് 4ന് പ്രാബല്യത്തിൽ വരുമെന്നും ട്രംപ് വ്യക്തമാക്കി.
കാനഡയിൽനിന്നും മെക്സിക്കോയിൽനിന്നുമുള്ള ഇറക്കുമതികൾക്ക് 25 ശതമാനം താരിഫുകളും ചൈനയിൽ നിന്നുള്ള സാധനങ്ങൾക്ക് 10 ശതമാനം അധിക താരിഫുകളും ഫെബ്രുവരി ആദ്യ ആഴ്ചയാണു ട്രംപ് പ്രഖ്യാപിച്ചത്. പിന്നീട് കാനഡ, മെക്സിക്കോ രാജ്യങ്ങളിലെ ഇറക്കുമതികൾക്കുള്ള താരിഫ് 30 ദിവസത്തേക്കു താൽക്കാലികമായി നിർത്തിവച്ചു. അതിർത്തി സുരക്ഷ മെച്ചപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളും പുതിയ പദ്ധതികൾ തയാറാക്കിയെന്നും പറഞ്ഞിരുന്നു.‘‘മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിൽനിന്നു വളരെ ഉയർന്ന അളവിലാണു ലഹരിമരുന്ന് യുഎസിലേക്ക് എത്തുന്നത്. ഇവയിൽ ഭൂരിഭാഗവും ഫെന്റനൈലിന്റെ രൂപത്തിലാണ്. ഇതു ചൈനയിൽ നിർമിച്ചു വിതരണം ചെയ്യുന്നതാണ്. അപകടകരമായ ഇവയുടെ ഉപയോഗത്താൽ കഴിഞ്ഞ വർഷം ഒരു ലക്ഷത്തിലേറെ ആളുകൾ മരിച്ചു’’ എന്നാണു കഴിഞ്ഞ ഫെബ്രുവരിയിൽ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ ട്രംപ് പറഞ്ഞത്. മാർച്ച് 4 മുതൽ ചൈനയിൽനിന്ന് 10 ശതമാനം അധിക താരിഫ് ഈടാക്കുമെന്നും യുഎസ് അറിയിച്ചു.