ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള ആഗ്രഹം ആവർത്തിച്ച് ട്രംപ്; എതിർത്ത് ഡെന്മാർക്ക്

വാഷിങ്ടൺ ഡിസി : ലോകത്തെ ഏറ്റവുംവലിയ ദ്വീപായ ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള ആഗ്രഹം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെനസ്വേലയിൽ അതിക്രമിച്ചുകയറി പ്രസിഡന്റിനെയും ഭാര്യയെയും പിടികൂടിയതിന് പിന്നാലെയാണ് ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള യുഎസിന്റെ ആഗ്രഹം ഡൊണാൾഡ് ട്രംപ് വീണ്ടും തുറന്നുപറഞ്ഞത്.
യുഎസിന്റെ പ്രതിരോധത്തിനായി തങ്ങൾക്ക് ഗ്രീൻലാൻഡ് തീർച്ചയായും ആവശ്യമാണെന്നായിരുന്നു ഡൊണാൾഡ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞത്. ട്രംപിന്റെ അനുയായിയും വൈറ്റ്ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലറുടെ ഭാര്യ കാറ്റി മില്ലർ കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിൽ ഗ്രീൻലാൻഡിന്റെ ഒരു ചിത്രം പങ്കുവെച്ചിരുന്നു. യുഎസിന്റെ പതാക ആലേഖനംചെയ്ത ഗ്രീൻലാൻഡിന്റെ ഭൂപടത്തിന്റെ ചിത്രമാണ് ‘ഉടനെ’ എന്ന തലക്കെട്ടോടെ കാറ്റി മില്ലർ പങ്കുവെച്ചിരുന്നത്. ഇതിനുപിന്നാലെയായിരുന്നു യുഎസ് പ്രസിഡന്റും ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള തന്റെ ആഗ്രഹം ആവർത്തിച്ചത്.
‘നമുക്ക് ഗ്രീൻലാൻഡ് ആവശ്യമാണ്. ഇപ്പോൾ അത് വളരെ തന്ത്രപ്രധാനമാണ്. ഗ്രീൻലാൻഡിന്റെ എല്ലാവശവും റഷ്യൻ, ചൈനീസ് കപ്പലുകളാണുള്ളത്. അതിനാൽ ദേശീയസുരക്ഷയുടെ കാഴ്ചപ്പാടിൽ ഗ്രീൻലാൻഡ് നമുക്ക് വേണം, ഡെന്മാർക്കിന് അതിന് കഴിയുമെന്ന് തോന്നുന്നില്ല’, ട്രംപ് വ്യക്തമാക്കി.
അതേസമയം, ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ യുഎസ് നീക്കത്തെ ശക്തമായി എതിർത്ത് ഡെന്മാർക്കും അവരുടെ ഭാഗമായ ഗ്രീൻലാൻഡും രംഗത്തെത്തി. അമേരിക്ക ഗ്രീൻലാൻഡ് ഏറ്റെടുക്കുമെന്ന വാദങ്ങളെല്ലാം ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്‌സൺ നിഷേധിച്ചു. ഗ്രീൻലാൻഡ് ഏറ്റെടുക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുന്നതിൽ യാതൊരുകാര്യവുമില്ലെന്ന് അമേരിക്കയോട് നേരിട്ട് പറയുകയാണെന്നും അവർ വ്യക്തമാക്കി. ഡെൻമാർക്കിന്റെ ഭാഗമായ മൂന്നുരാജ്യങ്ങളിലൊന്നിനെ കൂട്ടിച്ചേർക്കാൻ അമേരിക്കയ്ക്ക് യാതൊരു അവകാശവുമില്ലെന്നും ഡാനിഷ് പ്രധാനമന്ത്രി പറഞ്ഞു. ഗ്രീൻലാൻഡിലേക്ക് പ്രവേശനം അനുവദിക്കുന്നതിനായി ഡെന്മാർക്ക് ഇതിനകംതന്നെ യുഎസുമായി ഒരു പ്രതിരോധ കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഡാനിഷ് പ്രധാനമന്ത്രി ഓർമിപ്പിച്ചു.
ഡെന്മാർക്കിന്റെ ഭാഗമായ സ്വയംഭരണാവകാശമുള്ള ലോകത്തെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീൻലാൻഡ്. ഗ്രീൻലാൻഡിനെ സ്വന്തമാക്കുകയെന്ന അമേരിക്കൻ മോഹത്തിന് ഏകദേശം 150-ലേറെ വർഷങ്ങളുടെ പഴക്കമുണ്ട്. ട്രംപ് വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള ആഗ്രഹം വീണ്ടും പരസ്യമായി പറഞ്ഞത്.
ഗ്രീൻലാൻഡിനെ സ്വന്തമാക്കിയാൽ മേഖലയിലെ റഷ്യയുടെ താത്പര്യങ്ങളെ ഇല്ലാതാക്കാനാകുമെന്നതാണ് അമേരിക്കയുടെ പ്രധാനലക്ഷ്യം. ഇതിനൊപ്പം ഗ്രീൻലാൻഡിലെ വിപുലമായ ധാതുനിക്ഷേപവും അമേരിക്കയെ മോഹിപ്പിക്കുന്നു.
അതേസമയം, 2009-ൽ സ്വയംഭരണാധികാരമുള്ള പ്രദേശമായി മാറിയെങ്കിലും ഗ്രീൻലാൻഡിന്റെ പ്രതിരോധം, വിദേശനയം തുടങ്ങിയവയെല്ലാം കൈകാര്യംചെയ്യുന്നത് ഡെന്മാർക്കാണ്. 80 ശതമാനവും മഞ്ഞുമൂടിക്കിടക്കുന്ന, 56,000-ഓളം മാത്രം ജനസംഖ്യയുള്ള ഗ്രീൻലാൻഡിന്റെ പ്രധാന വരുമാനസ്രോതസ്സും ഡെന്മാർക്കിൽനിന്നുള്ള ബജറ്റ് വിഹിതമാണ്.



