കനേഡിയൻ വിമാനങ്ങൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തും : ട്രംപ്

വാഷിങ്ടൺ ഡിസി : കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ വിമാനങ്ങൾക്കും 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വിമാനങ്ങളുടെ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് ട്രംപിന്റെ ഈ ഭീഷണി.
അമേരിക്കൻ വിമാന നിർമ്മാതാക്കളായ ഗൾഫ് സ്ട്രീം എയറോസ്പേസിൻ്റെ ബിസിനസ് ജെറ്റുകൾക്ക് കാനഡ ഉടൻ അംഗീകാരം നൽകിയില്ലെങ്കിൽ തീരുമാനം നടപ്പിലാക്കുമെന്ന് ട്രംപ് തൻ്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ വ്യക്തമാക്കി.
അമേരിക്കൻ വിമാനങ്ങളായ ഗൾഫ് സ്ട്രീം 500, 600, 700, 800 ജെറ്റുകൾക്ക് സർട്ടിഫിക്കേഷൻ നൽകാൻ കാനഡ നിയമവിരുദ്ധമായി വിസമ്മതിക്കുകയാണെന്ന് ട്രംപ് ആരോപിച്ചു.
ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യയുള്ള വിമാനങ്ങളിലൊന്നായ ഗൾഫ് സ്ട്രീമിനെ കാനഡ തങ്ങളുടെ ആഭ്യന്തര വിപണിയിൽ നിന്ന് മനപ്പൂർവ്വം തഴയുകയാണെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് ലഭിക്കേണ്ടിയിരുന്ന അംഗീകാരമാണ് കാനഡ തടഞ്ഞുവെച്ചിരിക്കുന്നത് എന്നാണ് അമേരിക്കയുടെ വാദം.
തിരിച്ചടിയായി ഡി-സർട്ടിഫിക്കേഷൻ
കാനഡയുടെ നടപടിക്ക് മറുപടിയായി കനേഡിയൻ വിമാന നിർമ്മാതാക്കളായ ബോംബാർഡിയറിന്റെ (Bombardier) വിമാനങ്ങൾക്കുള്ള അംഗീകാരം അമേരിക്ക റദ്ദാക്കും. ബോംബാർഡിയറിന്റെ പ്രധാന മോഡലായ ഗ്ലോബൽ എക്സ്പ്രസ് ജെറ്റുകൾ ഉൾപ്പെടെയുള്ളവയുടെ ഡി-സർട്ടിഫിക്കേഷൻ നടപടികൾ ആരംഭിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഗൾഫ് സ്ട്രീമിന് പൂർണ്ണമായ സർട്ടിഫിക്കേഷൻ ലഭിക്കുന്നത് വരെ കാനഡയിൽ നിർമ്മിച്ച എല്ലാ വിമാനങ്ങൾക്കും അമേരിക്കയിൽ നിയന്ത്രണം ഉണ്ടാകും.
തീരുവ ഭീഷണി
തർക്കം എത്രയും വേഗം പരിഹരിച്ചില്ലെങ്കിൽ കാനഡയിൽ നിന്ന് അമേരിക്കയിൽ വിൽക്കുന്ന എല്ലാ വിമാനങ്ങൾക്കും 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കൻ വിപണിയെ വലിയ തോതിൽ ആശ്രയിക്കുന്ന ബോംബാർഡിയറിന് ഇത് വലിയ തിരിച്ചടിയാകും.
കാനഡയിലെ ഊർജ്ജ ഉല്പാദന കേന്ദ്രമായ ആൽബർട്ട പ്രവിശ്യയിലെ വിഘടനവാദി നേതാക്കളുമായി ട്രംപ് ഭരണകൂടം ചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പുതിയ നീക്കം. കാനഡയെ അമേരിക്കയുടെ 51-ാം സംസ്ഥാനമായി ട്രംപ് മുൻപ് വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു.
കാനഡയുടെ പ്രതികരണം
അമേരിക്കൻ നീക്കത്തോട് കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർണി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. കാനഡയുടെ പരമാധികാരത്തെ മാനിക്കാൻ അമേരിക്കൻ ഭരണകൂടം തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
ഈ വിഷയം പ്രസിഡന്റ് ട്രംപുമായി സംസാരിക്കുമ്പോൾ തന്റെ നിലപാട് വ്യക്തമാക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. ക്യൂബയ്ക്ക് എണ്ണ വിതരണം ചെയ്യുന്ന രാജ്യങ്ങളിൽ നിന്നുള്ള ഉല്പന്നങ്ങൾക്ക് തീരുവ ചുമത്താനുള്ള ഉത്തരവിൽ ട്രംപ് ഒപ്പിട്ടതിന് തൊട്ടുപിന്നാലെയാണ് കാനഡയ്‌ക്കെതിരെയുള്ള ഈ പ്രഖ്യാപനം.



