ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനിയെ പ്രശംസിച്ച് : ട്രംപ്

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനിയെ പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മംദാനി ന്യൂയോര്‍ക്കിന്റെ നല്ല മേയറായിരിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചക്ക് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ട്രംപിന്റെ മംദാനി പ്രശംസ. മികച്ച കൂടിക്കാഴ്ചയായിരുന്നുവെന്നും ട്രംപ് പറഞ്ഞു
ന്യൂയോര്‍ക്കിന് നല്ല ഭാവി മേയര്‍ മംദാനിക്ക് കീഴില്‍ ഉണ്ടാകുമെന്ന് പറഞ്ഞ ട്രംപ് ന്യൂയോര്‍ക്കിന്റെ വെല്ലുവിളികളും സാധ്യതകളും മനസിലാക്കിയ നേതാവാണ് മംദാനിയെന്നും പറഞ്ഞു പല വിയോജിപ്പുകളുണ്ടെങ്കിലും യോജിക്കാവുന്ന നിരവധി മേഖലകളുണ്ട്. മംദാനി മുന്നോട്ടുവച്ച ആശയങ്ങള്‍ തന്റെത് കൂടിയാണെന്നും ട്രംപ് പറഞ്ഞു. മംദാനിയുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ കഴിയുന്നത് തനിക്ക് ‘സുഖകരമായ’ അനുഭവമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. അര മണിക്കൂറിലധികം സമയം കൂടിക്കാഴ്ച നീണ്ടു. മംദാനിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള തന്റെ ധാരണകളെ ഈ കൂടിക്കാഴ്ച മാറ്റിമറിച്ചുവെന്നും ട്രംപ് പറഞ്ഞു.
മംദാനി തന്നെ ഫാസിസ്റ്റ് എന്ന് വിളിക്കുന്നതില്‍ കുഴപ്പമില്ലെന്നും അദ്ദേഹത്തെ സാക്ഷിയാക്കി ട്രംപ് പറഞ്ഞു. ട്രംപ് ഒരു ഫാസിസ്റ്റാണെന്ന് മുമ്പ് നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുണ്ടോയെന്ന് എന്ന് ഒരു റിപ്പോര്‍ട്ടര്‍ മംദാനിയോട് ചോദിച്ചു, ‘ഞാന്‍ അതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്…’ മംദാനി ഇങ്ങനെ പറഞ്ഞുതുടങ്ങുന്നതിനിടയില്‍ ട്രംപ് പെട്ടെന്ന് ഇടപെട്ടു.’അത് കുഴപ്പമില്ല, നിങ്ങള്‍ക്ക് അതെ എന്ന് മറുപടി പറയാന്‍ കഴിയും’ മംദാനിയുടെ കൈയില്‍ തട്ടിക്കൊണ്ട് ട്രംപ് പറഞ്ഞു. ശരി, അതെയെന്ന് മംദാനി പറയുകയും ചെയ്തു.
ശക്തവും സുരക്ഷിതവുമായ ന്യൂയോര്‍ക്ക് സാധ്യമാക്കുമെന്ന് പറഞ്ഞ മംദാനി ന്യൂയോര്‍ക്കുകാരെ സേവിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



