വിദേശ വിദ്യാര്‍ഥികള്‍ കുറഞ്ഞാല്‍ കോളജുകള്‍ അടച്ചുപൂട്ടേണ്ടി വരും; കുടിയേറ്റ അജണ്ടയില്‍ മലക്കം മറിഞ്ഞ് ട്രംപ്

വാഷിങ്ടണ്‍ ഡിസി : കുടിയേറ്റ അജണ്ടയില്‍ മലക്കംമറിഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തെ സാമ്പത്തികമായി ശക്തമായി നിലനിര്‍ത്തുന്നുവെന്നാണ് ട്രംപിന്റെ പുതിയ പരാമര്‍ശം. ഫോക്സ് ന്യൂസിനോട് സംസാരിക്കവെയാണ് മാഗ (മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍) എന്ന സ്വന്തം അജണ്ടയെ എതിര്‍ത്ത് ട്രംപ് എതിര്‍ത്ത് സംസാരിച്ചത്. അമേരിക്കന്‍ സര്‍വകലാശാലകളില്‍ പഠിക്കാന്‍ വിദേശ വിദ്യാര്‍ത്ഥികളെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചൈനയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെ കുറയുന്നത് അമേരിക്കയിലെ പകുതിയോളം കോളജുകളെ അടച്ചുപൂട്ടലിലേക്ക് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
‘ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും നമ്മുടെ രാജ്യത്തേക്ക് വരുന്ന പകുതിയോളം ആളുകളെ, പകുതിയോളം വിദ്യാര്‍ത്ഥികളെ ഒഴിവാക്കി നമ്മുടെ മുഴുവന്‍ സര്‍വ്വകലാശാല-കോളജ് സംവിധാനത്തെയും നശിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ, ഇല്ലല്ലോ? എനിക്കും അത് ചെയ്യാന്‍ താല്‍പ്പര്യമില്ല. ലോകവുമായി ഒത്തുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും ട്രംപ് ഫോക്സ് ന്യൂസ് അവതാരക ലോറ ഇന്‍ഗ്രാമിനോട് പറഞ്ഞു.
എന്തുകൊണ്ടാണ് വിദേശ രാജ്യങ്ങളില്‍ നിന്നും പ്രത്യേകിച്ച് ചൈനയില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാത്തതെന്ന ചോദ്യത്തിന്, അങ്ങനെ ചെയ്യുന്നത് അമേരിക്കന്‍ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും, ചരിത്രപരമായി കറുത്ത വര്‍ഗ്ഗക്കാര്‍ക്കായുള്ള സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിലേക്ക് നയിക്കുമെന്നും ട്രംപ് പറഞ്ഞു.
‘വിദ്യാര്‍ത്ഥികളില്‍ നിന്ന് കോടിക്കണക്കിന് ഡോളറാണ് നമുക്ക് ലഭിക്കുന്നത്. മിക്ക വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ ഇരട്ടിയിലധികം പണം നല്‍കുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം അഭിവൃദ്ധി പ്രാപിക്കണമെന്ന് ആഗ്രഹിക്കുന്നു.. എനിക്കവരെ വേണം എന്നതുകൊണ്ടല്ല, മറിച്ച് ഞാനിതിനെ ഒരു ബിസിനസായാണ് കാണുന്നത്.’ ട്രംപ് പറഞ്ഞു.



