അമേരിക്ക പാർട്ടി രൂപീകരണം : മസ്‌കിന്റെ പരിഹസിച്ച് ട്രംപ്

ന്യൂയോർക്ക് : പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ പ്രസ്താവനയെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മസ്‌കിന്റെ തീരുമാനത്തെ പരിഹാസ്യം എന്നു വിശേഷിപ്പിച്ച ട്രംപ് കുറച്ച് കാലം ആസ്വദിക്കാമെന്നും വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് അമേരിക്കയിൽ ഇലോൺ മസ്ക് പുതിയ പാർട്ടി പ്രഖ്യാപിച്ചത്. പ്രസിഡന്‍റ് ട്രംപുമായി പിണങ്ങി ആഴ്ചകൾക്ക് ശേഷമാണ് മസ്ക് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ എക്സിലായിരുന്നു ‘അമേരിക്ക പാർട്ടി’ എന്ന് പേരിട്ട പാർട്ടിയുടെ പ്രഖ്യാപനം. അതേസമയം പാർട്ടി രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല.
‘അമേരിക്കയിൽ മൂന്നാമതൊരു രാഷ്ട്രീയ പാർട്ടി തുടങ്ങുന്നത് പരിഹാസ്യമാണ്. മൂന്നാം കക്ഷി തുടങ്ങുന്നത് ആശയക്കുഴപ്പം വർദ്ധിപ്പിക്കുന്നു. അദ്ദേഹത്തിന് അത് നന്നായി ആസ്വദിക്കാം. പക്ഷേ, അത് പരിഹാസ്യമാണെന്ന് ഞാൻ കരുതുന്നു. മൂന്നാം കക്ഷികൾ ഒരിക്കലും വിജയിച്ചിട്ടില്ല’- ട്രംപ് കൂട്ടിച്ചേർത്തു. മസ്കിന്റെ പാര്‍ട്ടി പ്രഖ്യാപനത്തോട് ആദ്യമായാണ് ട്രംപ് പ്രതികരിക്കുന്നത്.
പ്രസിഡന്റ് ട്രംപിന്റെ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ സെനറ്റിൽ, വൈസ് പ്രസിഡന്റിന്റെ കാസ്റ്റിങ് വോട്ടോടെ പാസായതിന് പിന്നാലെയാണ് ഇലോൺ മസ്ക് യുഎസ് രാഷ്ട്രീയത്തിൽ പുതിയ പാർട്ടി പ്രഖ്യാപിച്ചത്. ജനത്തിന് സ്വാതന്ത്ര്യം തിരിച്ച് നൽകാനാണ് പുതിയ പാർട്ടിയെന്നും റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികൾ ജനത്തെ വഞ്ചിക്കുകയാണെന്നും മസ്ക് പറഞ്ഞു.
ട്രംപിന്റെ ബിൽ സെനറ്റിൽ പാസാക്കിയാൽ, ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ പാർട്ടികൾക്ക് പകരമായി താൻ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നും ബില്ലിന് അനുകൂലമായി വോട്ടു ചെയ്യുന്ന റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളെ അടുത്ത തെരഞ്ഞെടുപ്പിൽ നിലം തൊടീക്കില്ലെന്നും മസ്ക് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.