ഇന്ത്യക്കെതിരെ 50% പകരം തീരുവ ഏര്‍പ്പെടുത്തി ട്രംപ്

വാഷിങ്ടണ്‍ ഡിസി : റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ കടുത്ത നടപടിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് . റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യക്ക് മേൽ 25 ശതമാനം അധിക താരിഫ് ഏർപ്പെടുത്തി. ഇതോടെ ഇന്ത്യക്ക് മേലുള്ള അമേരിക്കൻ താരിഫ് 50 ശതമാനമായി ഉയരും. ഇതുസംബന്ധിച്ച ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. മുന്നാഴ്ച കഴിഞ്ഞ് ഉത്തരവ് പ്രാബല്യത്തില്‍ വരും.
റഷ്യന്‍ എണ്ണവാങ്ങുന്നതിനാലാണ് 25 ശതമാനം അധികം തീരുവ ഏര്‍പ്പെടുത്തിയതെന്ന് ട്രംപ് പറഞ്ഞു. ‘ഇന്ത്യയുമായി യുഎസ് കാര്യമായ വ്യാപാരം നടത്തുന്നില്ല. ഏറ്റവും തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടാണ് 25% തീരുവ ചുമത്തിയത്. റഷ്യയിൽനിന്ന് അവർ ഇപ്പോഴും എണ്ണ വാങ്ങുന്നതുകൊണ്ട് തീരുവ കൂട്ടാൻ പോകുകയാണ്. യുദ്ധത്തിന് ഇന്ധനം പകരുകയാണ് ഇന്ത്യ.’’– ട്രംപ് പറഞ്ഞു.
നേരത്തെ ഇന്ത്യയുടെ ചരക്കുകൾക്ക് അമേരിക്ക 25 ശതമാനം താരിഫ് ഏർപ്പെടുത്തിയിരുന്നു. ഇതിന് പുറമെയാണ് പുതിയ 25 ശതമാനം അധിക താരിഫ് ഏർപ്പെടുത്തിയത്. ഇത് ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്ക് വലിയ വെല്ലുവിളിയാകും. ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും അധികം തീരുവ ഇന്ത്യക്കാണ്. ഇന്ത്യയുടെ വ്യാപാര, നയതന്ത്ര നയങ്ങളെ നിശിതമായി വിമർശിച്ചാണ് പകരംതീരുവ മരവിപ്പിച്ചതിന്റെ കാലാവധി തീരുന്ന ഓഗസ്റ്റ് 1 മുതൽ ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 25% പകരംതീരുവയും പിഴയും ട്രംപ് പ്രഖ്യാപിച്ചത്.