ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റ് വിവാദം; വാള്‍സ്ട്രീറ്റ് ജേണലിനും മര്‍ഡോക്കിനും എതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ട്രംപ്

വാഷിങ്ടണ്‍ ഡിസി : ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട വിവാദത്തില്‍ വാള്‍സ്ട്രീറ്റ് ജേണലിനും റൂബര്‍ട്ട് മര്‍ഡോക്കിനും എതിരെ ട്രംപ്. അമേരിക്കന്‍ ജയിലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന് എതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് ട്രംപ്. 10 ബില്യണ്‍ ഡോളര്‍ (ആയിരം കോടി) നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ട്രംപ് നിയമനടപടി തുടങ്ങിയിരിക്കുന്നത്.
ജെഫ്രി എപ്സ്റ്റീന് 2003-ല്‍ ട്രംപ് അശ്ലീല ഉള്ളടക്കമുള്ള കത്ത് എഴുതിയതെന്ന് ആരോപിക്കുന്നതായിരുന്നു റിപ്പോര്‍ട്ട്. എപ്സ്റ്റീന് ജന്മദിനാശംസ നേര്‍ന്നായിരുന്നു ട്രംപിന്റെ കത്ത്. കത്തില്‍ കറുത്ത മാര്‍ക്കര്‍ കൊണ്ട് ഒരു സ്ത്രീയുടെ നഗ്‌നചിത്രം വരച്ചിരുന്നു. കത്തില്‍ ട്രംപിന്റെ ഒപ്പ് ഉണ്ടായിരുന്നു എന്നുമാണ് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച വാള്‍സ്ട്രീറ്റ് ജേണലിലെ ലേഖനത്തിലെ പരാമര്‍ശം. ലേഖനം പ്രസിദ്ധീകരിച്ചതിന് പിന്നാലെ ട്രംപിന് എതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് രാജ്യത്ത് ഉയര്‍ന്നിരുന്നത്. പിന്നാലെയാണ് വാള്‍സ്ട്രീറ്റ് ജേണല്‍ എന്ന മാധ്യമ സ്ഥാപനത്തിനും ഉടമ റൂബര്‍ട്ട് മര്‍ഡോക്ക്, രണ്ട് റിപ്പോര്‍ട്ടര്‍മാര്‍ എന്നിവര്‍ക്ക് എതിരെയാണ് ട്രംപിന്റെ നിയമ നടപടി.
ഫ്‌ളോറിഡയിലെ സതേണ്‍ ഡിസ്ട്രിക്റ്റിലെ ഫെഡറല്‍ കോടതിയില്‍ ആണ് ട്രംപ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നും മാനനഷ്ടം ഉണ്ടാക്കിയെന്നും ട്രംപ് പരാതിയില്‍ ആരോപിക്കുന്നു. എപ്‌സ്റ്റെന്റെ കൂട്ടുപ്രതിയും ഇപ്പോഴും ജയിലില്‍ കഴിയുകയും ചെയ്യുന്ന ഗിസ്ലെയ്ന്‍ മാക്‌സ്വെല്‍ സംഘടിപ്പിച്ച ജന്മദിന ആഘോഷത്തില്‍ ട്രംപ് പങ്കെടുത്തിരുന്നു എന്നും ലേഖനം ആരോപിച്ചിരുന്നു. ഈ ആരോപണവും ട്രംപ് തള്ളി.
ജെഫ്രി എപ്സ്റ്റീനുമായുള്ള ട്രംപിന്റെ ബന്ധം അടുത്തിടെ ടെസ്ല മേധാവി ഇലോന്‍ മസ്‌കും പരാമര്‍ശിച്ചിരുന്നു. ട്രംപുമായി പിണങ്ങിയതിന് പിന്നാലെ ഇരുവരുമുണ്ടായ വാക്‌പോരിന് ഇടെയായിരുന്നു ഇലോണ്‍ മസ്‌ക് ട്രംപ് – എപ്സ്റ്റീന്‍ ബന്ധത്തെ കുറിച്ച് പരാമര്‍ശിച്ചത്. എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഡയറികളില്‍ ട്രംപിന്റെ പേരുണ്ടെന്നായിരുന്നു മസ്‌കിന്റെ ആക്ഷേപം.
2019-ല്‍ അറസ്റ്റിലായ നധകാര്യ വിദഗ്ധനും ലൈംഗിക കുറ്റവാളിയുമായിരുന്നു ജെഫ്രി എപ്സ്റ്റീന്‍ ലൈംഗിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തി ലൈംഗിക വ്യാപാര ശൃംഖല നടത്തിയെന്ന കുറ്റമായിരുന്നു എപ്സ്റ്റീന് എതിരെ ചുമത്തിയിരുന്നത്. മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്‍ തുടങ്ങി ഒട്ടേറെ പ്രമുഖരുമായും എപ്സ്റ്റീന് ബന്ധമുണ്ടെന്നാണ് ആരോപണം. എന്നാല്‍ കേസില്‍ വിചാരണ കാത്ത് ന്യൂയോര്‍ക്കിലെ ജയിലില്‍ കഴിയവെ എപ്സ്റ്റീന് ദുരൂഹസാഹചര്യത്തില്‍ മരിക്കുകയായിരുന്നു. അന്ന് മുതല്‍ പലതരത്തിലുള്ള ചര്‍ച്ചകളില്‍ എപ്‌സ്റ്റീന്റെ പേരുകള്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു.