ട്രംപിന്റെ ഗാസ നിലപാടുകള്‍ക്കു പിന്നില്‍ ബിസിനസ് താത്പര്യം?

യുഎസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ പശ്ചിമേഷ്യന്‍ വിഷയത്തില്‍ ഡോണള്‍ഡ് ട്രംപ് സ്വീകരിക്കുന്ന നിലപാടുകള്‍ ആഗോള തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, ഗാസയെ യുഎസ് ഏറ്റെടുക്കുമെന്നതായിരുന്നു ഈ ഗണത്തില്‍പെടുന്ന ട്രംപിന്റെ ആദ്യ പ്രസ്താവന. ഫെബ്രുവരി നാലിലെ ഈ പ്രതികരണത്തിന് പിന്നാലെ പലതവണ ഇക്കാര്യം ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തു. ഗാസയില്‍ നിന്ന് എല്ലാ ബന്ദികളെയും മോചിപ്പിക്കാന്‍ ഹമാസിന് ശനിയാഴ്ച വരെ സമയപരിധി നല്‍കിക്കൊണ്ട് യുഎസ് പ്രസിഡന്റ് നടത്തിയ പ്രതികരണത്തിലും സമാനമായ നിലപാട് ചൂണ്ടിക്കാട്ടിയിരുന്നു.
”ഗാസ മുനമ്പ് യുഎസ് ഏറ്റെടുക്കും, ഞങ്ങള്‍ ഇത് സ്വന്തമാക്കും, അപകടകരമായ, പൊട്ടിത്തെറിക്കാത്ത ബോംബുകളും മറ്റ് ആയുധങ്ങളും നിര്‍വീര്യമാക്കുന്ന ഉത്തരവാദിത്തം ഞങ്ങള്‍ക്കായിരിക്കും. ഞങ്ങള്‍ ആ ഭാഗം ഏറ്റെടുക്കാന്‍ പോകുകയാണ്, ഞങ്ങള്‍ അത് വികസിപ്പിക്കും, ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, ഇത് മുഴുവന്‍ പശ്ചിമേഷ്യയ്ക്ക് അഭിമാനിക്കാവുന്ന ഒന്നായിരിക്കും” എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.
ഗാസയില്‍ ഊന്നിക്കൊണ്ട് നിരന്തരം ട്രംപ് മുന്നോട്ട് വയ്ക്കുന്ന പ്രസ്താവനകള്‍ക്കു പിന്നില്‍ പശ്ചിമേഷ്യയില്‍ ട്രംപിനും മരുമകന്‍ ജെറാഡ് കുഷ്‌നറിനുമുള്ള വലിയ ബിസിനസ് താത്പര്യങ്ങളുണ്ടെന്ന വിമര്‍ശനവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ട്രംപ് നടത്തിയ പ്രസ്താവനയ്ക്ക് സമാനമായിരുന്നു ഫെബ്രുവരിയില്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ ജെറാഡ് കുഷ്‌നര്‍ പങ്കുവച്ചതും. ‘ജീവിതം കെട്ടിപ്പടുക്കുന്നതിന് വിലപ്പെട്ട ഇടം എന്നായിരുന്നു’ എന്നായിരുന്നു പശ്ചിമേഷ്യയെക്കുറിച്ചുള്ള ആ പരാമര്‍ശം.
പശ്ചിമേഷ്യയിലെ ട്രംപിന്റെ ബിസിനസ് താത്പര്യങ്ങള്‍ :-
ഡോണള്‍ഡ് ട്രംപിന്റെ മക്കളായ എറിക്, ഡോണള്‍ഡ് ജൂനിയര്‍ എന്നിവര്‍ നയിക്കുന്ന റിയല്‍ എസ്‌റ്റേറ്റ് – ഹോട്ടല്‍ ബിസിനസിന് താത്പര്യമുള്ള മേഖലയാണ് പശ്ചിമേഷ്യ. സൗദി അറേബ്യന്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡാര്‍ ഗ്ലോബലുമായി നിരവധി കരാറുകളാണ് ട്രംപ് ഓര്‍ഗനൈസേഷന്‍ പങ്കിടുന്നത്. ഒമാനില്‍ അത്യാഡംബര ഹോട്ടലുകള്‍, ഗോള്‍ഫ് റിസോര്‍ട്ട്, ജിദ്ദ, ദുബായ് എന്നിവിടങ്ങളില്‍ ട്രംപ് ടവര്‍ പദ്ധതികള്‍ എന്നിവയും ഈ കരാറില്‍ ഉള്‍പ്പെടുന്നു.