അന്തർദേശീയം

റഷ്യയുടെ അടുത്തായി രണ്ട് ആണവ അന്തർവാഹിനികൾ വിന്യസിച്ച് ട്രംപ്

വാഷിങ്ടൻ ഡിസി : റഷ്യയുടെ അടുത്തായി രണ്ട് ആണവ അന്തർവാഹിനികൾ വിന്യസിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. സോവിയറ്റ് യൂണിയന്റെ കാലത്തെ ആണവശേഷി റഷ്യയ്ക്ക് ഇപ്പോഴുമുണ്ടെന്ന മുൻ പ്രസിഡന്റ് ദിമിത്രി മെദ്‍വദേവിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് തീരുമാനം. യുക്രെയ്ൻ വിഷയത്തിൽ റഷ്യയുമായി അകൽച്ചയിലാണ് ട്രംപ്.

ട്രംപ് ഭീഷണി നാടകം തുടരുകയാണെന്നും റഷ്യ, ഇറാനോ ഇസ്രയേലോ അല്ലെന്ന് ഓർക്കണമെന്നും മെദ്‌വദേവ് വ്യക്തമാക്കിയിരുന്നു. വാക്കുകൾക്കു വലിയ പ്രാധാന്യമുണ്ടെന്നായിരുന്നു ട്രംപിന്റെ തിരിച്ചടി. വാക്കുകൾ പലപ്പോഴും ഉദ്ദേശിക്കാത്ത പ്രത്യാഘാതങ്ങളിലേക്കു നയിച്ചേക്കാം. അത്തരത്തിലൊന്നാവില്ലെന്ന് താൻ പ്രതീക്ഷിക്കുന്നതായും ട്രംപ് വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കകം യുക്രെയ്നുമായി സമാധാനക്കരാർ ഉണ്ടാക്കിയില്ലെങ്കിൽ റഷ്യയ്ക്കുമേൽ കടുത്ത ഉപരോധം ഏർപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യയ്ക്ക് സമയപരിധി കൽപിക്കുന്നതിലൂടെ ട്രംപ് വളരെ വലിയ തെറ്റാണ് ചെയ്യുന്നതെന്നായിരുന്നു മെദ്‍വദേവ് തിരിച്ചടിച്ചത്.

പുട്ടിൻ അനുകൂലിയും നിലവിൽ റഷ്യൻ സെക്യൂരിറ്റി കൗൺസിൽ ഡപ്യൂട്ടി ചെയർമാനുമാണ് ദിമിത്രി മെദ്‍വദേവ്. പരാജിതനായ പ്രസിഡന്റായിരുന്നു മെദ്‍വദേവ് എന്നു പറഞ്ഞ ട്രംപ്, അയാൾ അപകടകരമായ മേഖലയിലേക്കാണ് കടക്കുന്നതെന്നും ഇപ്പോഴും റഷ്യയുടെ പ്രസിഡന്റാണെന്നാണ് വിചാരമെന്നും പരിഹസിച്ചിരുന്നു. റഷ്യയുമായുള്ള വാണിജ്യ–പ്രതിരോധ ബന്ധത്തിന്റെ പേരിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കെതിരെയും കടുത്ത വിമർശനമുയർത്തിയിരുന്നു. ഇരുരാജ്യങ്ങൾക്കും അവരുടെ ‘ ചത്ത സമ്പദ്‌വ്യവസ്ഥയുമായി ഒരുമിച്ചു നശിക്കാം’ എന്നും താനതു കാര്യമാക്കില്ലെന്നും ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. ഇന്ത്യയ്ക്കെതിരെ യുഎസ് 25% തീരുവ ചുമത്തി മണിക്കൂറുകൾക്കകമായിരുന്നു പരസ്യവിമർശനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button