Uncategorized

ആരോഗ്യത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളി ട്രംപ്

വാഷിങ്ടൺ ഡിസി : തന്റെ ആരോഗ്യത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ‘ജീവിതത്തിൽ ഇന്നുവരെ ഇത്രയും നല്ലരീതിയിൽ ഒരിക്കലും തോന്നിയിട്ടില്ല’ എന്നായിരുന്നു ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമായ ട്രൂത്ത് സോഷ്യലിൽ പ്രസ്താവിച്ചത്.

ട്രംപിന്റെ കൈകളിൽ അസാധാരണമായ ഒരു നിറവ്യത്യാസം കണ്ടതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമായത്. 2015ൽ തന്റെ ആരോഗ്യത്തെ കുറിച്ച് ട്രംപ് പറഞ്ഞത്, ലോകത്തിലെ ഏറ്റവും ആരോഗ്യമുള്ള പ്രസിഡണ്ടുമാരിൽ ഒരാളാണ് താനെന്നായിരുന്നു. 2024ൽ മുൻ പ്രസിഡണ്ട് ജോ ബൈഡന്റെ ആരോഗ്യസ്ഥിതിയെ നിശിതമായി പരിഹസിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ആളായതിനാല്‍ തന്നെ ട്രംപിന്റെ രാഷ്ട്രീയ എതിരാളികൾ ഈ അവസരം ഒട്ടും പാഴാക്കുന്നില്ല. ശക്തമായ പ്രചാരണങ്ങളാണ് ട്രംപിന്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് നടക്കുന്നത്.

ഇതിനിടയിലാണ് എക്സ് പ്ലാറ്റുഫോമിൽ ട്രംപിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച ഒരു ഹാഷ്ടാഗ് (#TrumpIsDead ) ട്രെൻഡ് ചെയ്തത്. വൈസ് പ്രസിഡന്റ് വാൻസ് യുഎസ്എ ടുഡേ പത്രത്തിന് നൽകിയ അഭിമുഖത്തിലെ ചില പരാമർശങ്ങളാണ് ഈ എക്സ് ട്രെൻഡിന് കാരണമായത്. പ്രസിഡണ്ടിന് എന്തെങ്കിലും അപായം സംഭവിച്ചാൽ തുടർന്ന് ചുമതല ഏറ്റെടുക്കാൻ തയ്യാറാണോ എന്ന ചോദ്യത്തിന് വാൻസ് പറഞ്ഞ മറുപടി ഏറെ വിമർശിക്കപ്പെട്ടു. കഴിഞ്ഞ 200 ദിവസം തനിക്ക് ലഭിച്ച പരിശീലനം മാത്രം മതി ആ ചുമതല ഏറ്റെടുക്കാൻ എന്നായിരുന്നു വാൻസിന്റെ മറുപടി. ഇതോടെ എക്സിൽ ട്രംപ് ഈസ് ഡെഡ് എന്ന ഹാഷ്ടാഗ് ട്രെൻഡ് ചെയ്യാൻ തുടങ്ങി.

” ജോ ബൈഡൻ പൊതുവേദികളിൽ പല ദിവസങ്ങളിലും പ്രത്യക്ഷപ്പെടാതെ വരുമ്പോൾ ആരും അദ്ദേഹത്തെ വിമർശിക്കുന്നില്ല, എന്നാൽ ട്രംപ് 24 മണിക്കൂർ പുറത്ത് കാണാതിരുന്നാൽ മാധ്യമങ്ങൾ പരിഭ്രാന്തരാകുന്നു” എന്ന് കമന്റേറ്ററായ ഡിസി ഡ്രെയിനോ ട്രൂത്ത് സോഷ്യലിൽ പോസ്റ്റിട്ടിരുന്നു. ഇതിന് മറുപടിയായാണ് തനിക്ക് യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഇല്ലെന്ന് ട്രംപ് പ്രതികരിച്ചത്. ‌ശനിയാഴ്ച ഗോൾഫ് കളിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ട്രംപ് അഭ്യൂഹങ്ങൾക്കെതിരെ പ്രതികരിച്ചിരുന്നു. എന്നാൽ ഗോൾഫ് കളിയുടെ ഫോട്ടോയെടുക്കാൻ ആർക്കും സാധിക്കുമെന്നും മറ്റും പരിഹാസങ്ങളെത്തി. കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രസിഡന്റ് പൊതുപരിപാടികളിൽ പങ്കെടുക്കാതിരുന്നത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്. വെള്ളിയാഴ്ച വൈറ്റ് ഹൗസ് പുറത്തിറക്കിയ ഷെഡ്യൂളിൽ പ്രസിഡന്റ് പങ്കെടുക്കുന്ന പരിപാടികൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button