‘എത്രയും വേഗം അധികാരമൊഴിയണം, അല്ലെങ്കില്‍ രാജ്യം പോവും’; സെലന്‍സ്‌കിയോട് ട്രംപ്

വാഷിങ്ടണ്‍ : യുക്രെയ്ന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കിയെ ഏകാധിപതിയെന്ന് വിളിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സെലന്‍സ്‌കി തെരഞ്ഞെടുപ്പിനെ നേരിടാതെ അധികാരത്തിലെത്തിയ ഏകാധിപതിയാണെന്ന് സമൂഹമാധ്യമമായ ട്രൂത്തില്‍ ട്രംപ് പറഞ്ഞു.
റഷ്യയുമായുള്ള യുദ്ധത്തില്‍ യുക്രൈയ്‌ന് ധനസഹായവും ആയുധങ്ങളും അമേരിക്ക നല്‍കിയിരുന്നു, എന്നാല്‍ ട്രംപ് അധികാരത്തില്‍ വന്നതിനുശേഷം നയത്തില്‍ മാറ്റങ്ങള്‍ വരുകയാണ്. റഷ്യയുമായുള്ള ചര്‍ച്ചകള്‍ക്കും ട്രംപ് വാതില്‍ തുറന്നിട്ടുണ്ട്. യുദ്ധത്തിനുപോകാതെ റഷ്യയുമായി യുക്രെയ്ന്‍ ധാരണയുണ്ടാക്കണമായിരുന്നു എന്നാണു ട്രംപിന്റെ നിലപാട്.
സെലന്‍സ്‌കി അധികാരത്തില്‍ നിന്ന് എത്രയും വേഗം മാറിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ രാജ്യം അവശേഷിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. 2019ല്‍ യുക്രെയ്‌നില്‍ അധികാരത്തിലെത്തിയ സെലന്‍സ്‌കി കാലാവധി അവസാനിക്കുന്നതിനു മുന്‍പ് റഷ്യന്‍ സംഘര്‍ഷം തുടങ്ങിയതോടെ പട്ടാളനിയമം പ്രഖ്യാപിച്ച് ഭരണത്തില്‍ തുടരുകയായിരുന്നു.
‘സെലന്‍സ്‌കി യുക്രെയ്‌നില്‍ തെരഞ്ഞെടുപ്പ് നടത്താതെ ഭരണം തുടരുകയാണ്. ജോ ബൈഡനെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ മാത്രമാണു സെലന്‍സ്‌കി മിടുക്ക് കാണിച്ചത്. എന്നാല്‍ റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ട്രംപിനു മാത്രമേ അതു സാധിക്കൂവെന്ന് എല്ലാവരും അംഗീകരിക്കുന്നുണ്ട്.” ഡോണള്‍ഡ് ട്രംപ് പറഞ്ഞു.