അന്തർദേശീയം

യുഎസിലേക്ക് വൻതോതിൽ ലഹരിയുമായി എത്തിയ അന്തർവാഹിനി ബോംബിട്ടു തകർത്തു : ട്രംപ്

വാഷിങ്ടൻ ഡിസി : യുഎസിലേക്ക് ലഹരി മരുന്നുമായി എത്തിയ മുങ്ങിക്കപ്പലിനെ ആക്രമിച്ച് നശിപ്പിച്ചതായി പ്രസിഡന്റ് ഡോണൾ‌ഡ് ട്രംപ്. അന്തർവാഹിനിയിലുണ്ടായിരുന്ന 2 പേർ കൊല്ലപ്പെട്ടു. പിടികൂടിയ 2 പേരെ സ്വദേശമായ ഇക്വഡോറിലേക്കും കൊളംബിയയിലേക്കും ശിക്ഷാ നടപടികൾക്കായി തിരികെ അയച്ചു. അന്തർവാഹിനി യുഎസ് തീരത്ത് അടുത്തിരുന്നെങ്കിൽ 25,000 അമേരിക്കക്കാർ മരിക്കുമായിരുന്നെന്ന് ട്രംപ് പറഞ്ഞു. ലഹരി മരുന്നു കടത്തുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പിടികൂടിയ കൊളംബിയക്കാരനെ യുഎസ് തിരിച്ചയച്ചതായി പ്രസിഡന്റ് ഗുസ്താവോ പെട്രോ സ്ഥിരീകരിച്ചു. ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള ലഹരി മരുന്നു കടത്ത് തടയാൻ യുഎസ് ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണ്. സെപ്റ്റംബർ മുതൽ, ലഹരിമരുന്നു കടത്തിയ ആറോളം സ്പീഡ് ബോട്ടുകൾ യുഎസ് സേന തകർത്തിട്ടുണ്ട്. അന്തർവാഹിനി എവിടെനിന്നാണ് വന്നതെന്ന കാര്യം യുഎസ് പുറത്തു വിട്ടിട്ടില്ല. കൊളംബിയയിൽ നിന്ന് മധ്യ അമേരിക്കയിലേക്കോ മെക്സിക്കോയിലേക്കോ ലഹരി കടത്താൻ വനമേഖലകളിലെ രഹസ്യ കപ്പൽശാലകളിൽ നിർമിക്കുന്ന ചെറിയ അന്തർവാഹിനികൾ വർഷങ്ങളായി ഉപയോഗിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button