പരോള്‍ പദവി പിന്‍വലിച്ചു രാജ്യം വിടണം; അമേരിക്കയിൽ യുക്രൈൻ പൗരന്മാരെ ആശങ്കയിലാഴ്ത്തി ഇ-മെയിൽ സന്ദേശം

വാഷിങ്ടൺ : അമേരിക്കയില്‍ നിയമപരമായി താമസിക്കുന്ന ഏകദേശം 2,40,000 യുക്രൈൻ പൗരന്മാരെ ആശങ്കയിലാഴ്ത്തി ഇ-മെയിൽ ലഭിക്കുന്നതായി റിപ്പോർട്ടുകൾ. ട്രംപ് ഭരണകൂടം പരോള്‍ പദവി പിന്‍വലിച്ചുവെന്നും സ്വയം അമേരിക്ക വിട്ടൊഴിഞ്ഞു പോകണമെന്നുമായിരുന്നു ഇ-മെയിൽ സന്ദേശം.
ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റില്‍ (ഡിഎച്ച്എസ്) നിന്നാണ് ഇത്തരം ഇ-മെയിൽ സന്ദേശങ്ങൾ ലഭിക്കുന്നത്. അറിയിപ്പ് ലഭിച്ച തീയതി മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ നിങ്ങളുടെ പരോള്‍ അവസാനിക്കുമെന്നും അമേരിക്കയില്‍ നിന്ന് പുറത്തുപോയില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും ഇ-മെയിൽ സന്ദേശത്തിൽ പറഞ്ഞു.
വെനിസ്വേല, ക്യൂബ, ഹെയ്തി പൗരന്മാരുടെ പരോള്‍ പദവി ട്രംപ് ഇതിനകം തന്നെ പിന്‍വലിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം യുക്രൈൻ പൗരന്മാർക്കെതിരെയും ഈ പദ്ധതി കൊണ്ടുവരുമെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാൽ ഇ-മെയിൽ അബദ്ധത്തില്‍ അയച്ചതാണെന്നാണ് ഇപ്പോള്‍ സ്ഥിരീകരണം വന്നിരിക്കുന്നത്. ഭരണകൂടം ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അറിയിപ്പുകള്‍ പുറപ്പെടുവിക്കാന്‍ ഉദ്ദേശിച്ചിരുന്നോ എന്ന് വ്യക്തമല്ലെന്നും ഡിഎച്ച്എസിന്റെ വക്താവ് പറഞ്ഞു.
ദിവസങ്ങൾക്ക് മുമ്പാണ് അമേരിക്കയിൽ പഠനം തുടരുന്ന നിരവധി വിദേശ വിദ്യാർഥികൾക്ക് വിസ റദ്ദാക്കിക്കൊണ്ടുള്ള അറിയിപ്പുകൾ ഇ-മെയിൽ വഴി ലഭിച്ചത്. വിദ്യാർഥികൾക്ക് അനുവദിക്കുന്ന എഫ്-1 വിസ റദ്ദാക്കിയെന്നും രാജ്യവിട്ട് പോകണമെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. ക്യാമ്പസുകളിൽ പ്രതിഷേധ പരിപാടികളിലും മറ്റും പങ്കെടുത്തവർക്കെതിരെയായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ നടപടി.