അന്തർദേശീയം

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ഒരു ബന്ധവുമില്ല : മെലാനിയ ട്രംപ്

വാഷിങ്ടണ്‍ ഡിസി : ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ഒരു ബന്ധവുമില്ലെന്ന് അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപ്. എപ്സ്റ്റീനുമായി ബന്ധിപ്പിക്കുന്ന എല്ലാ ആരോപണങ്ങളെയും അവര്‍ തള്ളിക്കളഞ്ഞു. താന്‍ എപ്സ്റ്റീന്റെ ഇരയല്ലെന്നും കൂട്ടാളി ഗിസ്‌ലൈന്‍ മാക്‌സ്‌വെല്ലുമായി തനിക്ക് സൗഹൃദമില്ലെന്നും മെലാനിയ ട്രംപ് പറഞ്ഞു.

മാക്സ്വെല്ലുമായി സാധാരണ നിലയിലുള്ള ഇ-മെയില്‍ ആശയവിനിമയം മാത്രമേ നടത്തിയിട്ടുള്ളൂ. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ധാര്‍മികതയോ മര്യാദയോ ഇല്ലെന്ന് മെലാനിയ കുറ്റപ്പെടുത്തി. ന്യൂയോര്‍ക്കിലെയും പാം ബീച്ചിലെയും പൊതുവായ പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍, എപ്സ്റ്റീന്‍ പങ്കെടുത്ത അതേ പാര്‍ട്ടികളില്‍ താനും ഭര്‍ത്താവ് ഡോണള്‍ഡ് ട്രംപും ഉണ്ടായിട്ടുണ്ടാകാം. എപ്സ്റ്റീന്‍ വഴിയല്ല ഡോണള്‍ഡ് ട്രംപിനെ പരിചയപ്പെട്ടത്. 1998ല്‍ ഒരു പാര്‍ട്ടിയില്‍ വെച്ചാണ് ട്രംപിനെ ആദ്യമായി കാണുന്നത്. എപ്സ്റ്റീനെ ആദ്യമായി കാണുന്നത് 2000ല്‍ ട്രംപിനൊപ്പം ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ്. അന്ന് അയാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും മെലാനിയ പറഞ്ഞു.

എപ്സ്റ്റീന്റെ സ്വകാര്യ വിമാനത്തിലോ ദ്വീപിലോ പോയിട്ടില്ല. ഒരു തരത്തിലുള്ള അന്വേഷണത്തിലും താന്‍ സാക്ഷിയല്ലെന്നും മെലാനിയ വ്യക്തമാക്കി. എപ്സ്റ്റീന്റെ പീഡനത്തിനിരയായവര്‍ക്ക് യുഎസ് കോണ്‍ഗ്രസിന് മുന്നില്‍ സത്യപ്രസ്താവന നടത്താന്‍ ഹിയറിങ് ഒരുക്കണമെന്ന് മെലാനിയ ആവശ്യപ്പെട്ടു. ഓരോ സ്ത്രീക്കും തന്റെ ജീവിതകഥ പൊതുസമൂഹത്തോട് പറയാന്‍ അവസരം ലഭിക്കണം. ആ മൊഴികള്‍ കോണ്‍ഗ്രസ് രേഖകളില്‍ സ്ഥിരമായി ഉള്‍പ്പെടുത്തണമെന്നും അവര്‍ പറഞ്ഞു. തനിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ ചിത്രങ്ങളും പ്രസ്താവനകളും വിശ്വസിക്കരുതെന്നും മെലാനിയ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button