ചരമംദേശീയം

ചെങ്കൊടി പുതപ്പിച്ച് അവസാനയാത്രക്ക്‌ മുന്‍പ് എകെജി ഭവനിലെത്തി കോമ്രേഡ് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി : അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവസാന യാത്രക്ക് മുന്‍പായി ഡല്‍ഹിയിലെ ഏകെജി ഭവനിലെത്തി. എല്ലാ ദിവസവും രാവിലെ പതിനൊന്ന് മണിക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്തിയിരുന്ന യെച്ചൂരി അന്ത്യയാത്ര പറയാന്‍ 45 മിനിറ്റ് മുന്‍പേ എത്തി. പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, എംവി ഗോവിന്ദന്‍, എംഎ ബേബി തുടങ്ങിയവര്‍ മൃതദേഹം ഏറ്റുവാങ്ങി. പ്രിയസുഹൃത്തും സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന പ്രകാശ് കാരാട്ട് മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിച്ചു. വൈകീട്ട് മൂന്ന് മണിവരെ എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. നിരവധി നേതാക്കള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ യെച്ചൂരിക്ക് അന്ത്യാഭിവാദ്യം അര്‍പ്പിക്കും.

രാവിലെ ഒന്‍പതരമണിയോടെയാണ് യെച്ചൂരിയുടെ മൃതദേഹം വീട്ടില്‍ നിന്ന് പൊതുദര്‍ശനത്തിനായി എകെജി ഭവനിലേക്ക് കൊണ്ടുവന്നത്. സിപിഎം ഓഫീസിലെ മുന്നില്‍ തയ്യാറാക്കിയ വേദിയിലാണ് മൃതദേഹം പൊതുദര്‍ശനം ഒരുക്കിയത്. വീട്ടില്‍ നിന്നും എകെജി ഭവനിലേക്കുള്ള യാത്രയില്‍ മൃതദേഹത്തിനൊപ്പം ഭാര്യ സീമ ചസ്തി, വൃന്ദാകാരാട്ട്, ബിജു കൃഷ്ണന്‍ തുടങ്ങിയ നേതാക്കളും ആംബുലന്‍സില്‍ ഉണ്ടായിരുന്നു. വൈകിട്ട് 5ന് 14 അശോക റോഡ് വരെ വിലാപ യാത്രയായി നീങ്ങും. തുടര്‍ന്ന് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി എയിംസ് അധികൃതര്‍ക്കു കൈമാറും.

ശ്വാസകോശ അണുബാധയെ തുടര്‍ന്നു ഡല്‍ഹി എയിംസില്‍ ചികിത്സയിലിക്കെ ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു യെച്ചൂരിയുടെ അന്ത്യം. 32 വര്‍ഷമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായി പ്രവര്‍ത്തിക്കുന്ന യച്ചൂരി 2015 ലാണ് ജനറല്‍ സെക്രട്ടറി പദവിയിലേക്കെത്തിയത്. 2005 മുതല്‍ 2017 വരെ ബംഗാളില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button