സ്വകാര്യ കാർ പാർക്കുകൾ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനൊരുങ്ങി ട്രാൻസ്പോർട്ട് മാൾട്ട

സ്വകാര്യ കാർ പാർക്കുകൾ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനൊരുങ്ങി ട്രാൻസ്പോർട്ട് മാൾട്ട. സ്വകാര്യ ബിസിനസുകളെ സമീപിച്ച്, അവർ ഉപയോഗിക്കാത്ത സമയങ്ങളിൽ അവരുടെ കാർ പാർക്കുകൾ പൊതുപാർക്കിംഗിന് ഉപയോഗപെടുത്താനാണ് ആലോചിക്കുന്നത്.
ഇതിന് ഭാഗമായി, വ്യാപാര സ്ഥാപനങ്ങളുടെ താൽപര്യം മനസ്സിലാക്കാനും, ഇത്തരം പദ്ധതികൾക്ക് യോജിക്കുന്ന പ്രവർത്തന മാതൃകകൾ എന്തൊക്കെയാണെന്ന് കണ്ടെത്താനും ലക്ഷ്യമിട്ട് അതോറിറ്റി ഒരുപ്രാഥമിക മാർക്കറ്റ് കൺസൾട്ടേഷൻ (PMC) പുറത്തിറക്കി. ഇത് നിർബന്ധിതമല്ലാത്ത ഒരു പ്രക്രിയയാണ്. റീട്ടെയിൽ കേന്ദ്രങ്ങൾ, സൂപ്പർമാർക്കറ്റുകൾ, ഹോട്ടലുകൾ, ഓഫീസ് കെട്ടിടങ്ങൾ, വിനോദ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ ലക്ഷ്യമിടാണ് ഈ ആശയം ട്രാൻസ്പോർട്ട് മാൾട്ട മുന്നോട്ട് വച്ചിരിക്കുന്നത്.
പുതിയ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാതെ തന്നെ ട്രാഫിക്, പാർക്കിംഗ് പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ നടത്തുന്ന വലിയ ശ്രമത്തിന്റെ ഭാഗമാണ് ഈ പദ്ധതി. ഇതിന് മുമ്പ് ഗതാഗത മന്ത്രി ക്രിസ് ബോണറ്റ് ട്രാൻസ്പോർട്ട് മാൾട്ടയുടെ സ്വന്തം ഓഫീസുകൾ ഉൾപ്പെടെ സർക്കാർ കെട്ടിടങ്ങൾ ഓഫീസ് സമയം കഴിഞ്ഞ് പൊതുപാർക്കിംഗിന് ഉപയോഗിക്കാമെന്ന നിർദ്ദേശം മുന്നോട്ടുവച്ചിരുന്നു. പുതിയ പിഎംസി ഈ ആശയം സ്വകാര്യ മേഖലയിലേക്കും വ്യാപിപ്പിക്കും.
2025-ലെ മൂന്നാം പാദത്തിൽ മാൾട്ടയിൽ 4,54,000 വാഹനങ്ങൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതോടെ പട്ടണങ്ങളിലും വ്യാപാര മേഖലകളിലും പാർക്കിംഗ് ആവശ്യം വർധിച്ചു. വാഹന ഉടമസ്ഥതയിൽ കുറവ് വരാത്തതിനാൽ, നിലവിലുള്ള പാർക്കിംഗ് സൗകര്യങ്ങളുടെ കാര്യക്ഷമമായ ഉപയോഗം കൂടുതൽ പ്രധാനമാണ്. ഈ കൺസൾട്ടേഷൻ വഴി, സ്വകാര്യ പാർക്കിംഗ് സൗകര്യങ്ങൾ പൊതുപയോഗത്തിന് എങ്ങനെ തുറക്കാം, സ്ഥാപനങ്ങൾക്ക് എന്ത് പ്രായോഗിക പ്രശ്നങ്ങൾ നേരിടേണ്ടി വരും, ഇത് സാമ്പത്തികമായി എങ്ങനെ പ്രായോഗികമാക്കാം തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കാനാണ് ട്രാൻസ്പോർട്ട് മാൾട്ട ഉദ്ദേശിക്കുന്നത്.
താൽപര്യമുള്ള സ്ഥാപനങ്ങൾ അവരുടെ പ്രതികരണങ്ങൾ ഇലക്ട്രോണിക് പബ്ലിക് പ്രൊക്യുർമെന്റ് സിസ്റ്റം വഴി 2026 ഏപ്രിൽ 20-ാം തീയതി രാവിലെ 10 മണിക്ക് മുമ്പായി സമർപ്പിക്കണം.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ അന്താരാഷ്ട്ര നാണയ നിധി റിപ്പോർട്ട് അനുസരിച്ച് ഇന്ധന വില വർധിപ്പിക്കൽ, വാഹന നികുതികൾ കൂട്ടൽ, പൊതുപാർക്കിംഗ് സ്ഥലങ്ങൾക്ക് ചാർജ് ഏർപ്പെടുത്തൽ എന്നിവ കാർ ഉപയോഗം കുറയ്ക്കാൻ സഹായിക്കുന്ന മാർഗങ്ങളായി നിർദേശിച്ചിരുന്നു.



