മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് ടൊവിനോ; സിഎം വിത്ത് മി തുടങ്ങി

തിരുവനന്തപുരം : പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരാതികളും മുഖ്യമന്ത്രിയോട് പറയുന്നതിനായി സംഘടിപ്പിക്കുന്ന ‘മുഖ്യമന്ത്രി എന്നോടൊപ്പം’ (സിഎം വിത്ത് മി) സിറ്റിസണ്‍ കണക്ട് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം വെള്ളയമ്പലത്ത് പഴയ എയര്‍ ഇന്ത്യ ഓഫീസില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. 1800-425-6789 എന്ന ടോള്‍ഫ്രീ നമ്പരിലൂടെയാണ് സേവനം ലഭ്യമാക്കുക.
ഭരണസംവിധാനത്തിന്റെ പരമായ ഉത്തരവാദിത്തം ജനങ്ങളോടാണെന്നും ഈ തത്വം അക്ഷരാര്‍ഥത്തില്‍ നടപ്പാക്കേണ്ടതുണ്ട് എന്ന ബോധ്യത്തോടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പത്ത് വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. വാഗ്ദാനങ്ങളില്‍ നടപ്പാക്കിയവ ഏതെന്നും നടപ്പാക്കാന്‍ കഴിയാതെ പോയത് ഏതെന്നും ഓരോ വര്‍ഷത്തിന്റെയും അവസാനത്തില്‍ തുറന്നു പറയുന്ന പോഗ്രസ് റിപ്പോര്‍ട്ട്, മന്ത്രസഭ ജനങ്ങളിലേക്ക് ഇറങ്ങിയ നവകേരള സദസ്സ്, ഇപ്പോള്‍ തദ്ദേശ സ്ഥാപനതലത്തില്‍ സംഘടിപ്പിക്കുന്ന വികസന സദസുകള്‍ ഇങ്ങളെ പുതുമയായ കാര്യങ്ങള്‍ ആവിഷ്കരിച്ചത് നടപ്പാക്കിയത് ജനങ്ങളോടുള്ള ഉത്തരവാദിത്തം കൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയം പരിപോഷിപ്പിക്കുക, ജനങ്ങളുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളുക, ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക, സര്‍ക്കാരിന്റെ പരിപാടികളും പദ്ധതികളും ജനങ്ങളില്‍ എത്തിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ‘മുഖ്യമന്ത്രി എന്നോടൊപ്പം’ സിറ്റിസണ്‍ കണക്ട് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിനാണ് സിറ്റിസണ്‍ കണക്ട് സെന്ററിന്റെ നടത്തിപ്പ്, മേല്‍നോട്ട ചുമതല. കിഫ്ബിയാണ് അടിസ്ഥാന, സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നത്. പരിപാടിയുടെ ഭാഗമായി കോളുകള്‍ മുഖ്യമന്ത്രി സ്വീകരിച്ചു. ആദ്യ കോള്‍ വിളിച്ചത് നടന് ടൊവിനോ തോമസ് ആണ്. ഈ പരിപാടി സ്വാഗതാര്‍ഹമെന്ന് ടൊവിനോ പറഞ്ഞു. അഭിപ്രായം വിലപ്പെട്ടതെന്ന് മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു.
ചടങ്ങില്‍ റവന്യു മന്ത്രി കെ രാജന് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ റോഷി അഗസ്റ്റിന്, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്, രാമചന്ദ്രന് കടന്നപ്പള്ളി, കെ ബി ഗണേഷ്കുമാര്, വി ശിവന്‍കുട്ടി, അഡ്വ. ജി ആര് അനില്‍ എന്നിവര്‍ മുഖ്യാതിഥികളായി.