കിയോസ്‌ക് ഉടമ തങ്ങൾക്ക് നേരെ തോക്ക് ചൂണ്ടിയതായി വിനോദസഞ്ചാരികളുടെ പരാതി

സെന്റ് പീറ്റേഴ്സ് പൂളിലെ കിയോസ്‌ക് ഉടമ തങ്ങൾക്ക് നേരെ തോക്ക് ചൂണ്ടിയതായി വിനോദസഞ്ചാരികളുടെ പരാതി. തങ്ങളുടെ വാടക കാറിന്റെ ടയറുകൾ മുറിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് അത് ചോദ്യം ചെയ്‌തതോടെയാണ് കിയോസ്‌ക് ഉടമ മുഖത്തിനു നേരെ തോക്ക് ചൂണ്ടിയതായി രണ്ട് വിനോദസഞ്ചാരികൾ പരാതിപ്പെട്ടു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
കല്ലെറിയുകയും മറ്റ് വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണാത്മകമായി പെരുമാറുകയും ചെയ്യുന്ന വൈറൽ വീഡിയോകളിൽ ഉള്ള അതേ കടയുടമയാണ് തങ്ങൾക്ക് നേരെ തോക്ക് ചൂണ്ടിയതെന്ന് പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ സംസാരിച്ച ദമ്പതികൾ ടൈംസ് ഓഫ് മാൾട്ടയോട് പറഞ്ഞു. ഓഗസ്റ്റ് 4 ന് സൂര്യോദയം കാണാൻ അതിരാവിലെ സെന്റ് പീറ്റേഴ്‌സ് പൂളിലേക്ക് വാടക കാറിലെത്തിയപ്പോഴാണ് സംഭവം. താനും സുഹൃത്തും സൂര്യോദയം കാണാൻ പോയപ്പോൾ കിയോസ്‌ക് ഉടമയുടെ പരിസരത്ത് 10 മിനിറ്റ് കാർ നിർത്തിയതായി ഡ്രൈവർ പറഞ്ഞു. അവർ തിരിച്ചെത്തിയപ്പോൾ, ഒരു വശത്തുള്ള രണ്ട് ടയറുകളുടെയും കാറ്റ് ആരോ ഊരിയതായുള്ള സംശയം ഉയർന്നു. “സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, ടയറിൽ വൃത്തിയുള്ള മുറിവുകൾ കാണാൻ കഴിഞ്ഞു. ആരോ അവ വെട്ടിമുറിച്ചതായി വ്യക്തമായി,” ഡ്രൈവർ പറഞ്ഞു.
ഉടമസ്ഥൻ മാത്രമാണ് ഉത്തരവാദി എന്നാണ് ഇരുവരുടെയും വിശ്വാസം. “ചുറ്റും മറ്റാരും ഉണ്ടായിരുന്നില്ല, അതിനാൽ ‘ഹലോ, നിങ്ങൾക്ക് ഞങ്ങളെ സഹായിക്കാമോ?’ എന്ന് എന്റെ സുഹൃത്ത് ചോദിച്ചു. ഞങ്ങളുടെ ടയറുകൾ വെട്ടിയത് നിങ്ങളാണെന്ന് ഞങ്ങൾക്കറിയാം എന്ന് പറഞ്ഞതോടെ ആദ്യം നിശബ്ദതയും പിന്നീട് അകത്തളത്തിൽ ബഹളവും നായുടെ കുരയും തുടങ്ങി. തുടർന്ന് ഒരു “വലിയ കൂക്കുവിളി” കേട്ടു, നോക്കുമ്പോൾ
“അയാൾ ഒരു തോക്കുമായി പുറത്തുവന്നു, അത് എന്റെ സുഹൃത്തിന്റെ മുഖത്തേക്ക് ചൂണ്ടി,” വിനോദസഞ്ചാരി പറഞ്ഞു. അവരോട് അവിടെ നിന്ന് പോകാൻ കിയോസ്‌ക് ഉടമ നിര്ബന്ധിച്ചതായി റിപ്പോർട്ടുണ്ട്. ഇരുവരും ഉടൻ തന്നെ വായുവിലേക്ക് കൈകൾ ഉയർത്തി പ്രധാന റോഡിലേക്ക് പിൻവാങ്ങി. കേടുപാടുകൾ സംഭവിച്ച കാർ ഉപേക്ഷിച്ച് അടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായായിരുന്നു.
വിനോദസഞ്ചാരികളോടുള്ള ഉടമയുടെ ആക്രമണാത്മക പെരുമാറ്റം കാണിക്കുന്ന മൂന്ന് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് സെന്റ് പീറ്റേഴ്‌സ് പൂൾ കിയോസ്‌ക് ഈ മാസം വിവാദത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു. വിനോദസഞ്ചാരികൾക്ക് നേരെ കല്ലെറിയുന്നതും ആക്രോശിക്കുന്നതും ഉപഭോക്താക്കളെ തന്റെ പരിസരത്ത് നിന്ന് ആക്രമണാത്മകമായി പുറത്താക്കുന്നതുമാണ് ആ വീഡിയോകളിൽ ഉള്ളത്.