തക്കാളിപ്പനി ബാധിതർ 200ലേക്ക്: ഒന്നു മുതൽ അഞ്ചുവരെ വയസ്സുള്ള കുട്ടികളിലാണ് രോഗം കൂടുതൽ
തൃശൂര്‍: ജില്ലയില്‍ പകര്‍ച്ചപ്പനിക്കും വയറിളക്കത്തിനും പിന്നാലെ കുട്ടികളില്‍ തക്കാളിപ്പനിയും വര്‍ധിക്കുന്നു.
ജില്ലയില്‍ ഇരുനൂറോളം കുട്ടികള്‍ക്ക് തക്കാളിപ്പനി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഒന്നു മുതല്‍ അഞ്ചുവരെ വയസ്സുള്ള കുട്ടികളിലാണ് കൂടുതലായി രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. എല്‍.കെ.ജി, യു.കെ.ജി, ഒന്ന് തുടങ്ങിയ ക്ലാസുകളില്‍ പല സ്കൂളുകളിലും തക്കാളിപ്പനിയെ തുടര്‍ന്ന് ഹാജര്‍നില കുറവാണ്. ശരീരത്തിന്റെ പല ഭാഗങ്ങളിലും കുമിളകള്‍ പോലെ ചുവപ്പ് നിറത്തില്‍ തുടുത്തുവരുകയാണ് മുഖ്യ രോഗ ലക്ഷണം. ചൊറിച്ചില്‍, ചര്‍മത്തില്‍ അസ്വസ്ഥത, തടിപ്പ്, നിര്‍ജലീകരണം എന്നിവയാണ് ഇതര ലക്ഷണങ്ങള്‍. ഇതിന് പുറമെ കുട്ടികളില്‍ ഒരാഴ്ചയോളം അസ്വസ്ഥത അനുഭവപ്പെടുന്നുണ്ട്. പനി മാറിയാലും അനുബന്ധ പ്രശ്നങ്ങളും ഏറെയാണ്.
അതേസമയം, പകര്‍ച്ചപ്പനിക്കും ശമനമില്ല. സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികളിലും പനിയുമായി എത്തുന്നവരുടെ എണ്ണം പ്രതിദിനം കൂടുകയാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പനി ചികിത്സക്കായി എത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. മഴ ശക്തമായിട്ടില്ലെങ്കിലും പകര്‍ച്ചവ്യാധികള്‍ ജില്ലയില്‍ കൂടിവരുകയാണ്. നാലു ദിവസത്തോളം നീണ്ടുനില്‍ക്കുന്ന പനിക്ക് പൂര്‍ണ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നുണ്ട്. അതേസമയം, ശക്തമായ ശരീര വേദനയും തലവേദനയും പനിയും അടക്കം വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.
പനി മാറിയാലും ശരീരം വേദന, തലവേദന എന്നിവക്ക് പൂര്‍ണ ശമനം ലഭിക്കുന്നില്ല. ശക്തമായ ചുമ, കഫം, ജലദോഷം എന്നിവയുടെ ബുദ്ധിമുട്ടും അനുബന്ധമായുണ്ട്. ഇടക്കിടെ മഴയും പിന്നാലെ ശക്തമായ വെയിലും അടക്കം കാലാവസ്ഥയില്‍ ഉണ്ടാവുന്ന പ്രകട മാറ്റമാണ് പനിയുടെ സാരമായ വകഭേദത്തിന് കാരണമായി പറയുന്നത്. മുപ്പതോളം എലിപ്പനി കേസുകളും അമ്ബതോളം ഡെങ്കിപ്പനി കേസുകളും ഇതിനകം ഈ വര്‍ഷം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു.
പകര്‍ച്ചവ്യാധി: കണക്ക് നല്‍കാതെ ആരോഗ്യ വകുപ്പ്
തൃശൂര്‍: ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുമ്ബോള്‍ ഇടക്കിടെ ബോധവത്കരണ കുറിപ്പ് നല്കുകയല്ലാതെ പനിയടക്കം രോഗങ്ങളുടെ കണക്ക് നല്കാന് ജില്ല ആരോഗ്യ വകുപ്പ് തയാറല്ല. നേരത്തേ ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭിച്ച വിവരങ്ങള്‍ ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നുമില്ല.
ജില്ല മെഡിക്കല്‍ ഓഫിസര്‍ ഇല്ലാത്ത സാഹചര്യത്തില്‍ കാര്യങ്ങള്‍ കുഴയുകയാണ്. ജനത്തിന് വിവരങ്ങള്‍ നല്കാന് മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചാല്‍ ബന്ധപ്പെട്ടവര്‍ ഫോണ്‍ എടുക്കുന്നില്ല. സംസ്ഥാന ആരോഗ്യ മന്ത്രാലയം നല്കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ നല്‍കാത്തതെന്നാണ് വിശദീകരണം. അതേസമയം, നേരത്തേ മുഴുവന്‍ അസുഖങ്ങളുടെയും പ്രതിദിന കണക്ക് കൃത്യമായി ലഭിച്ചിരുന്നു.