സ്പൈഡർമാന്റെ സ്കോട്ട്ലണ്ടിലെ ഷൂട്ടിങ്ങിനിടെ അപകടം; ടോം ഹോളണ്ടിന് പരിക്കേറ്റു

സ്കോട്ട്ലന്ഡ് : സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ അപകടത്തിൽ ടോം ഹോളണ്ടിന് പരിക്കേറ്റു. സ്കോട്ട്ലണ്ടിലെ ഗ്ലാസ്ഗോയിൽ വെച്ച് നടന്ന ചിത്രീകരണത്തിൽ വളരെ സങ്കീർണ്ണമായൊരു ആക്ഷൻ രംഗം ഷൂട്ട് ചെയ്യുന്നതിനിടയിൽ താഴേക്ക് വീണു പറ്റിയ അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ ടോം ഹോളണ്ടിന് ഒപ്പമുണ്ടായിരുന്ന സ്റ്റണ്ട്മാനും പരിക്കേറ്റിരുന്നു.
പരിക്കിനെ തുടർന്ന് കൺകഷൻ തോന്നിയ നടനെയും സ്റ്റണ്ട്മാനേയും ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ തേടി. ചിത്രത്തിന്റെ ഷൂട്ടിങ് ഉടനടി നിർത്തി വെക്കുകയും ചെയ്തുവെങ്കിലും, താരത്തിന് നിസാര പരിക്കുകളേയുള്ളൂവെന്നും, കുറച്ച ദിവസത്തിന് ശേഷം അദ്ദേഹം ഷൂട്ടിങ് സെറ്റിലേക്ക് മടങ്ങി വരുമെന്നും പ്രൊഡക്ഷൻ ടീം മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.
കൂടാതെ പരിക്കിന് ശേഷം ടോം ഹോളണ്ടും ഗേൾ ഫ്രണ്ട് സെന്തായായും ഒരു ചാരിറ്റി പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടോം ഹോളണ്ട് സ്പൈഡർമാനായി വേഷമിട്ട മുൻപത്തെ മൂന്ന് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ബ്രാൻഡ് ന്യൂ ഡേയുടെ ആക്ഷൻ രംഗങ്ങൾ ഗ്രീൻ സ്ക്രീനിൽ നിന്നും പ്രാക്റ്റിക്കൽ സെറ്റിലേക്ക് പറിച്ചു നട്ട, സാഹസികമായ ഷൂട്ടിംഗ് രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
ടോം ഹോളണ്ടിനും മുൻപ് ടോബി മഗ്വയറും, ആൻഡ്രൂ ഗാർഫീൽഡുമൊക്കെ സ്പൈഡർമാൻ സിനിമകളിൽ തകർത്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു നാലാം ഭാഗം ഏതെങ്കിലുമൊരു സ്പൈഡർമാൻ സിനിമാ പരമ്പരയ്ക്ക് ഉണ്ടാകുന്നത് എന്നതാണ് ബ്രാൻഡ് ന്യൂ ഡേയുടെ പ്രത്യേകത. 2026 ഡിസംബറിൽ റിലീസ് ചെയ്യുന്ന അവേഞ്ചേഴ്സ് ഡൂയിംസ് ഡേയ്ക്ക് 5 മാസം മുൻപ് തന്നെ സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ തിയറ്ററുകളിലെത്തും.