ആജീവനാന്ത ചലച്ചിത്രസംഭാവനയ്ക്കുള്ള ഓണററി ഓസ്കര്‍ ടോം ക്രൂസിന്

ലൊസ്അഞ്ചലസ് : സാഹസിക ആക്ഷന്‍ ചിത്രങ്ങളിലൂടെ ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂസ്, ആജീവനാന്ത ചലച്ചിത്രസംഭാവനയ്ക്കുള്ള ഓണററി ഓസ്കര്‍ ഏറ്റുവാങ്ങി. ഇരട്ട ഓസ്കര്‍ ജേതാവായ മെക്സിക്കന്‍ ചലച്ചിത്ര ഇതിഹാസം അലജാന്‍ഡ്രോ ഇനാരതുവാണ് പുരസ്കാരം സമ്മാനിച്ചത്. ടോം ക്രൂസിന്റെ 45 വർഷത്തെ ചലച്ചിത്ര ജീവിതത്തെ”മിഷൻ ഇംപോസിബിൾ,” എന്ന് സംഗ്രഹിക്കാമെന്ന് ഇനാരതു പറഞ്ഞു. ഇനാരതുവും ടോം ക്രൂസും ഒന്നിക്കുന്ന ചിത്രം അടുത്ത ഒക്ടോബറില്‍ റിലീസ് ചെയ്യും.
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം മൂന്ന് തവണ നേടിയെങ്കിലും ഇതുവരെ ടോം ക്രൂസിന് ഓസ്കര്‍ ലഭിച്ചിട്ടില്ല. നാല് തവണ ഓസ്കര്‍ നാമനിര്‍ദേശം ലഭിച്ചു. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശത്തെ കുറിച്ചും ചലച്ചിത്രത്തിന്റെ ശക്തിയെ കുറിച്ചും വൈകാരികമായ പ്രസംഗമാണ് പുരസ്കാരം ഏറ്റുവാങ്ങി അദ്ദേഹം നടത്തിയത്.
ടോം ക്രൂസീന്റെ മിഷന്‍ ഇംപോസിബിള്‍ പരമ്പരയില്‍ ഇതിനോടകം ഏട്ട് ചിത്രങ്ങളാണ് ഇറങ്ങിയത്. ടോപ് ഗൺ, ഫാർ ആൻഡ് എവേ, എ ഫ്യൂ ഗുഡ് മെൻ , ദി ഫേം, ജെറി മഗ്വയർ, മഗ്നോളിയ, ദി അദേഴ്സ്, വാനില സ്കൈ തുടങ്ങിയ ടോം ക്രൂസ് ചിത്രങ്ങളും ശ്രദ്ധേയം.



