സംഗീത മാന്ത്രികൻ എ ആർ റഹ്മാന് ഇന്ന് 58 -ാം പിറന്നാൾ മധുരം
സംഗീത മാന്ത്രികൻ എ ആർ റഹ്മാന് ഇന്ന് 58 -ാം പിറന്നാൾ മധുരം. ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരും ആരാധകരും സിനിമാ ലോകവും അദ്ദേഹത്തിന് ജന്മദിനാശംസകൾ നേരുകയാണ്. മണിരത്നം ചിത്രം റോജയിലൂടെ വന്ന് സംഗീത ലോകത്ത് സ്ഥാനമുറപ്പിച്ച എ ആർ റഹ്മാനു പകരമായി മറ്റൊരു പേര് ഇതുവരെ കണ്ടെത്താനായിട്ടില്ല. ദിലീപ് കുമാറിൽ നിന്ന് അല്ലാ രഖാ റഹ്മാനിലേക്കുള്ള യാത്ര ലോകമറിയുന്ന കഥയായി മാറിയിരിക്കുന്നു ഇന്ന്.
അതിന് ശേഷമുള്ള അന്താരാഷ്‌ട്ര അംഗീകാരങ്ങളും ചരിത്രം. അദ്ദേഹത്തിന്റെ മാന്ത്രിക വിരലുകളിൽ നിന്ന് പ്രണയം പെയ്തിറങ്ങിയപ്പോൾ ആസ്വാദകന്‍റെ മനസിലേക്ക് അവ കുടിയേറി. വിരഹഗാനങ്ങൾ കേൾക്കുന്തോറും അത് ആഴത്തിൽ പതിഞ്ഞു തുടങ്ങി. ഫാസ്റ്റ് ബീറ്റുകളിലും മുൻപാരും പരീക്ഷിക്കാത്ത വഴികളിലൂടെ റഹ്മാൻ സഞ്ചരിച്ചു. കർണാടക സംഗീതം, പാശ്ചാത്യ സംഗീതം, ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം, നസ്രത് ഫതേ അലി ഖാന്‍റെ ശൈലിയായ ഖവാലി അങ്ങനെ എല്ലാത്തിലും പ്രാവീണ്യം നേടി എ ആർ റഹ്മാൻ.
ഇന്ത്യയുടെ മങ്ങലേറ്റ സാംസ്കാരിക വാദ്യോപകരണങ്ങളെ സംഗീതമാന്ത്രികൻ തന്‍റെ ഗാനങ്ങളിലേക്ക് കൊണ്ടുവന്ന് പുനർജ്ജീവിപ്പിച്ചു. ഗിറ്റാർ, സെല്ലോ, ഓടക്കുഴൽ, സ്ട്രിങ്സ്, കീബോർഡ്, ഫിംഗർ ബോർഡ്, ഹാർപ്പെജി, സന്തൂർ, ഷഹനായി, സിത്താർ, മൃദംഗം, വീണ, തബല തുടങ്ങി എല്ലാ സംഗീത ഉപകരണങ്ങളും റഹ്‌മാന്‍റെ കരസ്‌പർശമറിഞ്ഞപ്പോൾ, ഇതിഹാസ ഗാനങ്ങൾക്കായി ശബ്‌ദിച്ചു തുടങ്ങി.
പരമ്പരാഗത സംഗീത ഉപകരണങ്ങളെയും ഇലക്ട്രോണിക് ശബ്ദങ്ങളെയും സാങ്കേതിക വിദ്യയെയും ഫ്യൂഷൻ രീതിയിൽ സംയോജിപ്പിച്ച് ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതിൽ അദ്ദേഹം എന്നും ശ്രദ്ധ പുലർത്തിയിരുന്നു. മലയാളം, തമിഴ് സിനിമകൾക്ക് സംഗീതം നൽകിയിരുന്ന ആർ കെ ശേഖറിന്‍റെ മകനായ എ ആർ റഹ്മാൻ കുട്ടിക്കാലത്തു തന്നെ കീബോർഡ് വായിച്ചു കൊണ്ട് അച്ഛനെ റെക്കോർഡിങ് സ്റ്റുഡിയോയിൽ സഹായിച്ചിരുന്നു.
രണ്ട് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ക്ക് പുറമെ, രണ്ട് ഗ്രാമി പുരസ്‌കാരങ്ങള്‍, ബാഫ്‌ത അവാർഡ്, നാല് ദേശീയ അവാര്‍ഡുകള്‍, 15 ഫിലിം ഫെയര്‍ അവാര്‍ഡ്, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരമുൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. തലമുറകളെ ത്രസിപ്പിച്ചു കൊണ്ടിരിക്കുന്ന എ ആ റഹ്മാന്റെ സംഗീത വിരുന്നുകൾക്കായി ഇനിയും ലോകം കാതോർത്തിരിക്കുകയാണ്. ഓരോ തവണയും സംഗീതത്താൽ മായാജാലം സൃഷ്ടിക്കുന്ന, പുതിയ അനുഭവം സമ്മാനിക്കുന്ന സംഗീതജ്ഞൻ എ ആർ റഹ്മാന് പിറന്നാൾ ആശംസകൾ.