ടിപ്പു സുൽത്താന്റെ പിസ്റ്റളുകൾ യുകെയിൽ ലേലത്തിൽ പോയത് റെക്കോർഡ് തുകയ്ക്ക്

ലണ്ടൻ : മൈസൂർ ഭരണാധികാരി ടിപ്പു സുൽത്താന്റെ പിസ്റ്റളുകൾ യുകെയിൽ ലേലത്തിൽ പോയത് റെക്കോർഡ് തുകയ്ക്ക്. ലണ്ടനിലെ സോത്ത്ബീയുടെ ലേലത്തിലാണ് റെക്കോർഡ് തുകയ്ക്ക് ഇവ വിറ്റുപോയത്. ഇതിനൊപ്പം 19ാം നൂറ്റാണ്ടിലെ സിഖ് സാമ്രാജ്യ സ്ഥാപകനായ മഹാരാജാ രഞ്ജിത് സിങ്ങിന്റെ ഒരു പെയിന്റിങ്ങിനും വലിയ വില ലഭിച്ചു.
18ാം നൂറ്റാണ്ടിലെ മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പുവിന്റെ വെള്ളിയിൽ ഘടിപ്പിച്ച ഫ്ലിന്റ്ലോക്ക് പിസ്റ്റളുകൾ 1.1 ദശലക്ഷം പൗണ്ടിനാണ് (12,79,79,390 ഇന്ത്യൻ രൂപ) ലേലത്തിൽ പോയത്. ബുധനാഴ്ച നടന്ന ‘ആർട്ട്സ് ഓഫ് ദി ഇസ്‌ലാമിക് വേൾഡ് ആൻഡ് ഇന്ത്യ’ ലേല ചടങ്ങിലാണ് പിസ്റ്റളുകൾ റെക്കോർഡ് തുകയ്ക്ക് വിറ്റുപോയത്. 10 ദശലക്ഷം പൗണ്ടിലധികം തുകയ്ക്കാണ് ആകെ ലേലം നടന്നത്.
ടിപ്പു സുൽത്താന്റെ മുൻകാല വാളുകളുടെയും ആയുധങ്ങളുടേയും കാര്യത്തിലെന്നപോലെ, അദ്ദേഹത്തിന്റെ പിസ്റ്റളുകളും 1799ൽ ലഭിച്ചതാണ്. അന്ന് ബ്രിട്ടീഷ് സൈന്യത്തിന്റെ ആക്രമണത്തിൽ ടിപ്പു കൊല്ലപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ തോക്കുകൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കൊള്ളയടിച്ച് ബ്രിട്ടനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
‘പരസ്പരം പ്രതിഫലന രൂപത്തിലാണ് നിർമിച്ചിരിക്കുന്നത് എന്നതാണ് ടിപ്പു സുൽത്താന്റെ പിസ്റ്റളുകളുടെ പ്രത്യേകത. ഒന്നിൽ ഇടത് വശത്തും മറ്റൊന്നിൽ വലത് വശത്തുമായി ലോക്ക് ഘടിപ്പിച്ചിരിക്കുന്നു. ഈ സംയോജനം ടിപ്പു സുൽത്താൻ ഏറെ ഇഷ്ടപ്പെട്ടിരുന്നതാവാം. കൂടാതെ പൊതുസമ്മേളനങ്ങൾ നിയന്ത്രിക്കുമ്പോൾ അദ്ദേഹത്തിന്റെ രാജചിഹ്നങ്ങളിലൊന്നായി അവ പ്രത്യക്ഷപ്പെട്ടിരുന്നു’- കാറ്റലോഗ് എൻട്രിയിൽ പറയുന്നു. പിസ്റ്റളുകൾക്ക് പുറമേ, ടിപ്പു സുൽത്താനു വേണ്ടി നിർമിച്ച വെള്ളി നിറത്തിലുള്ള ഫ്ലിന്റ്ലോക്ക് ബ്ലണ്ടർബസ് 571,500 പൗണ്ടിന് വിറ്റു.
മഹാരാജാ രഞ്ജിത് സിങ് ഒരു ഘോഷയാത്രയുടെ ഭാഗമാവുന്ന രീതിയിൽ ചിത്രകാരൻ ബിഷൻ സിങ് വരച്ച ചിത്രം 952,500 പൗണ്ടിനാണ് ഒരു സ്ഥാപനം സ്വന്തമാക്കിയത്. “ഈ ഘോഷയാത്രാ രംഗം മഹാരാജാ രഞ്ജിത് സിങ് ലാഹോറിലെ ഒരു ചന്തയിലൂടെ ആനപ്പുറത്ത് സഞ്ചരിക്കുന്നതിന്റേതാണ്”- എന്ന് സോത്ത്ബീസ് കാറ്റലോഗിൽ പറയുന്നു.
16-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മുഗൾ ചക്രവർത്തിയായ അക്ബറിന്റെ ലൈബ്രറിയിൽ നിന്നുള്ള അപൂർവമായ ഒരു ഖുർആൻ കൈയെഴുത്തുപ്രതി 863,600 പൗണ്ടിനാണ് ലേലത്തിൽ പോയത്. ഇന്ത്യയിലെ ഒരു പർവത തടാകത്തിൽ ആനകൾ ഉല്ലസിക്കുന്ന പതിനേഴാം നൂറ്റാണ്ടിലെ ഒരു പെയിന്റിങ് 139,700 പൗണ്ടിനും വിറ്റുപോയി.
സോത്ത്ബീസിന്റെ അഭിപ്രായത്തിൽ, ഈ ആഴ്ചയിലെ ലേലത്തിൽ സാധനങ്ങൾ വാങ്ങിയവരിൽ 20 ശതമാനം പേരും പുതുമുഖങ്ങളായിരുന്നു. ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടുമുള്ള 25 രാജ്യങ്ങളിൽ നിന്നുള്ളവർ ലേലത്തിന്റെ ഭാഗമായിരുന്നു.



