സ്വകാര്യതാ നയം മാറ്റം : യുഎസിൽ ടിക്‌ടോക്ക് കൂട്ടത്തോടെ അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോക്താക്കള്‍

കാലിഫോര്‍ണിയ : യുഎസിൽ ചൈനീസ് ആപ്പായ ടിക്‌ടോക്കിന് വീണ്ടും തിരിച്ചടി. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ടിക്‌ടോക് നിരോധിക്കുന്നത് ഒഴിവാക്കാന്‍ പുതിയ സംയുക്ത സംരംഭം പ്രഖ്യാപിച്ചതിന് പിന്നാലെ, ആപ്പ് ഒഴിവാക്കുന്ന ഉപയോക്താക്കളുടെ എണ്ണം കുതിച്ചുയര്‍ന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ ഏകദേശം 150 ശതമാനത്തോളം വര്‍ധനയാണ് ഉണ്ടായത്. യുഎസിൽ 18 കോടിയിലേറെ ആളുകളാണ് ടിക്‌ടോക് ഉപയോഗിക്കുന്നത്.
യുഎസിൽ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനായി ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സും യുഎസ് നിക്ഷേപകരും ചേര്‍ന്ന് പുതിയൊരു സംയുക്ത സംരംഭത്തിന് രൂപം നല്‍കിയിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലിലൂടെയാണ് ഈ നീക്കം നടന്നത്. അമേരിക്കക്കാരനായ ആദം പ്രസറെ പുതിയ സിഇഒ ആയി നിയമിക്കുകയും ചെയ്തു. എന്നാല്‍, ഈ മാറ്റത്തിന് പിന്നാലെ ടിക്‌ടോക് അതിന്റെ സ്വകാര്യതാ നയത്തില്‍ വരുത്തിയ മാറ്റങ്ങളാണ് ഉപയോക്താക്കളെ ആശങ്കപ്പെടുത്തിയത്.
പുതിയ ഉടമസ്ഥാവകാശത്തിന് കീഴില്‍ ഉപയോക്താക്കളുടെ വംശം, പൗരത്വം, സാമ്പത്തിക വിവരങ്ങള്‍, ലൈംഗിക ആഭിമുഖ്യം തുടങ്ങിയ അതീവ സുപ്രധാന വിവരങ്ങള്‍ ശേഖരിക്കുമെന്ന് പ്രൈവസി പോളിസിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ഭയമാണ് പലരെയും ആപ്പ് ഇല്ലാതാക്കാന്‍ പ്രേരിപ്പിക്കുന്നത്. ഈ വ്യവസ്ഥകള്‍ നേരത്തെ തന്നെ പോളിസിയില്‍ ഉണ്ടായിരുന്നതാണെങ്കിലും, പുതിയ മാറ്റത്തോടെയാണ് ഇത് ഉപയോക്താക്കളുടെ ശ്രദ്ധയില്‍പ്പെട്ടതും ചര്‍ച്ചയായതും.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പലര്‍ക്കും വീഡിയോകള്‍ അപ്ലോഡ് ചെയ്യാന്‍ സാധിക്കുന്നില്ല. ഇത് സെന്‍സര്‍ഷിപ്പിന്റെ ഭാഗമാണോ എന്ന് പല ഉപയോക്താക്കളും സംശയിക്കുന്നു. ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ഉപയോക്താക്കള്‍ പോലും പ്രതിഷേധസൂചകമായി അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ യുഎസിലെ ഡാറ്റാ സെന്ററിലുണ്ടായ വൈദ്യുതി തടസമാണ് ഈ സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
ടിക്‌ടോക്കിലെ അനിശ്ചിതത്വം കാരണം മറ്റ് സോഷ്യല്‍ മീഡിയ ആപ്പുകളിലേക്ക് ഉപയോക്താക്കള്‍ ചേക്കേറുകയാണ്. അപ്സ്‌ക്രോള്‍ഡ്, സ്‌കൈലൈറ്റ് സോഷ്യല്‍ എന്നീ ആപ്പുകളുടെ ഡൗണ്‍ലോഡ് നിരക്കില്‍ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ചൈനീസ് ആപ്പായ റെഡ്നോട്ടിനും യുഎസിൽ ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്.
നിലവില്‍ സജീവ ഉപയോക്താക്കളുടെ എണ്ണത്തില്‍ വലിയ ഇടിവ് സംഭവിച്ചിട്ടില്ലെങ്കിലും, കൂട്ടത്തോടെയുള്ള അണ്‍ഇന്‍സ്റ്റാള്‍ ടിക് ടോക്കിന് ഭാവിയില്‍ വലിയ ഭീഷണിയായേക്കാം.
ചൈനീസ് ആപ്പായതിനാല്‍ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്നതോടെ നേരത്തെ ടിക്‌ടോക് നിരോധിക്കാനുള്ള നീക്കങ്ങള്‍ അമേരിക്കയില്‍ നടന്നിരുന്നു. എന്നാല്‍ പിന്നീട് അമേരിക്കന്‍ നിക്ഷേപകരുടെ പിന്തുണയോടെ പുതിയൊരു സംയുക്ത സംരംഭമായി ടിക്‌ടോക് മുന്നോട്ടു പോകാനുള്ള അനുമതി ട്രംപ് ഭരണകൂടം നല്‍കുകയായിരുന്നു.



