കേരളം

കേണിച്ചിറയിൽ പിടിയിലായ കടുവയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ

കാട്ടിലേക്ക് തുറന്നുവിടാനാകില്ല

വയനാട് : കേണിച്ചിറയിൽ പിടിയിലായ കടുവയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ കാട്ടിലേക്ക് തുറന്നു വിടാൻ ആകില്ല. താഴത്തെ നിരയിലെ രണ്ട് പല്ലുകൾ തകർന്നിട്ടുണ്ട്. തോൽപ്പെട്ടി 17 എന്ന കടുവ നിലവിൽ ഇരുളം വനം വകുപ്പ് കേന്ദ്രത്തിലാണുള്ളത്. കടുവയെ മൃഗശാലയിൽ പുനരധിവസിപ്പിക്കാൻ സാധ്യതയുണ്ട്. വിശദമായ ആരോഗ്യ പരിശോധന ഇന്ന് നടത്തും.

പശുക്കളെ കൊന്ന അതേ തൊഴുത്തിൽ വീണ്ടുമെത്തിയപ്പോഴാണ് കടുവ കൂട്ടിലായത്. കഴിഞ്ഞ ദിവസം രാത്രി മൂന്ന് പശുക്കളാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മൂന്ന് ദിവസത്തിനിടെ നാല് പശുക്കളെ കടുവ കൊന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് സാബുവിന്റെ പശുത്തൊഴുത്തിനു സമീപം വച്ച കെണിയിൽ കടുവ അകപ്പെട്ടത്.

അതിനിടെ പാലക്കാട് നെല്ലിയാമ്പതിയിൽ വീണ്ടും പുലിയിറങ്ങി. ചന്ദ്രാമല മട്ടത്തുപാടി ജനവാസ മേഖലയിലാണ് പുലിയുടെ സാന്നിധ്യം കണ്ടത്. കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒരാഴ്ചയായി നെല്ലിയാമ്പതിയിൽ ചന്ദ്രാമലയിലെ സ്ത്രീകളും കുട്ടികളുമുള്ള ലയത്തിനരികെയാണ് പുലിയിറങ്ങുന്നത്. വൈകീട്ട് മൂന്നു മണിയോടെയാണ് പ്രദേശവാസികൾ പുലിയെ കണ്ടത്.

പുലിയെ കാണുമ്പോഴെല്ലാം പേടിച്ച് വനം വകുപ്പിനെ വിവരമറിയിക്കും. പക്ഷെ നടപടിയൊന്നുമുണ്ടായില്ല. ഇതോടെയാണ് തെളിവിനായി പ്രദേശവാസികൾ തന്നെ ദൃശ്യങ്ങൾ പകർത്തിയത്. പുലിയെ പിടിക്കാൻ പ്രദേശത്ത് കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കഴിഞ്ഞ ഏപ്രിലിൽ നെല്ലിയാമ്പതി കൂനംപാലത്തിടുത്ത് പുലിയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button