പൂരം കലക്കലിൽ മൊഴിയെടുപ്പ് തുടങ്ങി പ്രത്യേക അന്വേഷണ സംഘം
തൃശൂർ : പൂരം കലക്കലിൽ മൊഴിയെടുപ്പ് തുടങ്ങി പ്രത്യേക അന്വേഷണ സംഘം. ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. പൂരദിനത്തിൽ സ്വരാജ് റൗണ്ടിൽ ഡ്യൂട്ടിയിലുണ്ടായ മെഡിക്കൽ സംഘത്തിന്റെയും ഫയർഫോഴ്സിന്റെയും മൊഴിയെടുത്തു.
തൃശൂർ പൂരത്തിനിടയിൽ അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപെട്ടോ എന്നാണ് ഉദ്യോഗസ്ഥരോട് അന്വേഷണസംഘം ചോദിക്കുന്നത്. പൂരം നടത്തിപ്പിലെ ഉദ്യോഗസ്ഥവീഴ്ചയാണ് ഇപ്പോൾ അന്വേഷിക്കുന്നത്. സംഭവത്തിൽ നേരത്തെ സർക്കാർ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
പൂരം കലക്കൽ ഗൂഢാലോചനയിൽ തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. എസ്ഐടിയുടെ നിർദേശപ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് നടപടി ആരംഭിച്ചത്. ഗൂഢാലോചന, മതവിശ്വാസങ്ങളെ അവഹേളിക്കാൻ ബോധപൂർവമായ ശ്രമം, സർക്കാരിനെതിരെ കലാപത്തിനു ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യൽ എന്നീ വകുപ്പുകൾ രജിസ്റ്റർ ചെയ്തിരുന്നു. പൂരം കലക്കാൻ പ്രതികൾ പരസ്പരം സഹായിച്ചെന്നും എഫ്ഐആറിലുണ്ടായിരുന്നു.