2025 ലെ രസതന്ത്ര നൊബേല്‍ പങ്കിട്ട് മൂന്ന് ശാസ്ത്രജ്ഞര്‍

സ്റ്റോക് ഹോം : 2025 ലെ രസതന്ത്ര നൊബേല്‍ പങ്കിട്ട് മൂന്ന് ശാസ്ത്രജ്ഞര്‍. സുസുമ കിറ്റഗാവ, റിച്ചാര്‍ഡ് റോബ്സണ്, ഒമര്‍ എം യാഘി എന്നിവരാണ് രസതന്ത്ര നൊബേലിന് അര്‍ഹരായത്. ‘മെറ്റല്‍ ഓര്‍ഗാനിക് ഫ്രെയിം വര്‍ക്ക്സ്’ വികസനത്തിനാണ് പുരസ്കാരം.
രസതന്ത്രത്തിലെ നിയമങ്ങള്‍ മാറ്റിമറിച്ച ഗവേഷണമാണ് പുരസ്കാരത്തിന് അര്‍ഹമായത്. മരുഭൂമിയിലെ വായുവില്‍ നിന്ന് പോലും ജലം ശേഖരിക്കാനും വെള്ളത്തില്‍ നിന്ന് മാലിന്യങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതിനും അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്സൈഡ് അടക്കം വാതകങ്ങള്‍ പിടിച്ചെടുക്കാനും പറ്റുന്ന വസ്തുക്കള്‍ നിര്‍മ്മിക്കുന്നതും സാധ്യമാക്കിയ കണ്ടുപിടുത്തമാണ് ഇവര്‍ നടത്തിയത്. റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസിന്റെ സെക്രട്ടറി ജനറല്‍ ഹാന്‍സ് എല്ലെഗ്രെന്‍ ആണ് രസതന്ത്ര നൊബല്‍ പ്രഖ്യാപിച്ചത്.
ഭൗതിക ശാസ്ത്ര നൊബേല്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. മൂന്ന് പേര്‍ക്കാണ് പുരസ്കാരം. ജോണ്‍ ക്ലാര്‍ക്, മൈക്കള്‍ എച്ച് ഡെവോറെറ്റ്, ജോണ്‍ എം മാര്‍ട്ടിനിസ് എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്. മാക്രോസ്കോപ്പിക് ക്വാണ്ടം മെക്കാനിക്കല്‍ ടണ്ണലിംഗും ഇലക്ട്രി സെര്‍ക്യൂട്ടിലെ ഊര്‍ജ്ജ ക്വാണ്ടൈസേഷനും കണ്ടുപിടിച്ചതിനാണ് പുരസ്കാരം. മൂവരും കാലിഫോര്‍ണിയ സര്‍വകലാശാലയുടെ ഭാഗമായിരുന്നപ്പോള്‍ നടത്തിയ ഗവേഷണത്തിനാണ് അംഗീകാരം.