കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; മൂന്ന് മരണം, 32 പേർക്ക് പരിക്ക്

കോഴിക്കോട് : കൊയിലാണ്ടി മനക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞതിനെത്തുടർന്ന് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. കുറുവങ്ങാടി സ്വദേശികളായ ലീല, അമ്മുക്കുട്ടി എന്നിവരാണ് മരിച്ച സ്ത്രീകൾ. 32 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ 5 പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മരിച്ച മൂന്ന് പേരുടെ പോസ്റ്റുമോർട്ടം ഇന്ന് എട്ട് മണിയോടെ തുടങ്ങും. പരിക്കേറ്റ 12 പേർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തിൽ 32 പേർക്ക് ആണ് പരിക്കേറ്റത്. ഇതിൽ മൂന്ന് പേർ മരിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി സാരമായി പരിക്കേറ്റവർ ചികിത്സയിൽ തുടരുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിയുന്ന രണ്ട് പേർക്ക് ഗുരുതര പരിക്കുണ്ട് . കൊയിലാണ്ടി നഗരസഭയിൽ ഒമ്പത് വാർഡുകളിൽ ഇന്ന് സർവകക്ഷി ഹർത്താൽ ആചരിക്കുകയാണ്.
ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയ പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞത്. ഇടഞ്ഞ ആന മറ്റൊരാനയെ കുത്തുകയായിരുന്നു. രണ്ട് ആനകളും ഓടിയതോടെ ക്ഷേത്ര പരിസരത്തുണ്ടായിരുന്നവർ പരിഭ്രാന്തരായി.
ആന ഇടഞ്ഞതുമായി ബന്ധപ്പെട്ട് വനം മന്ത്രി എ.കെ ശശീന്ദ്രൻ അടിയന്തര റിപ്പോർട്ട് തേടി. റവന്യൂ , ഫോറസ്റ്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തി റിപ്പോർട്ട് ഇന്ന് തന്നെ മന്ത്രിക്ക് നൽകും.