എംസി റോഡില്‍ മോനിപ്പള്ളിക്ക് സമീപം കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം

കോട്ടയം : എംസി റോഡില്‍ മോനിപ്പള്ളിക്ക് സമീപം കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര് മരിച്ചു. മോനിപ്പള്ളിക്കും കൂത്താട്ടുകുളത്തിനുമിടയില് ആറ്റിക്കലില്‍ വച്ചായിരുന്നു അപകടം. കാറിലുണ്ടായിരുന്നവരാണ് മരിച്ച മൂന്ന് പേര്. നീണ്ടൂര്‍ ഓണംതുരുത്ത് കറുപ്പന്‍പറമ്പില്‍ കെ കെ സുരേഷ് കുമാര്‍ എന്നയാളും എട്ടു വയസുള്ള കുട്ടിയും സ്ത്രീയുമാണ് അപകടത്തില്‍ മരിച്ചത്.
മൂവാറ്റുപുഴ ഭാഗത്തുനിന്ന് ഏറ്റുമാനൂരിലേക്ക് വരികയായിരുന്ന മാരുതി 800 കാര്‍ കോട്ടയം കൂത്താട്ടുകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ മൂന്നുപേരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരും കാർയാത്രികരാണ്. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് വിവരം. തിരുവൈരാണിക്കുള്ള ക്ഷേത്രം ദര്‍ശനം കഴിഞ്ഞ് വരികയായിരുന്നു സംഘം എന്നാണ് വിവരം.
നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കെഎസ്ആര്‍ടിസി ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കൂത്താട്ടുകുളത്ത് നിന്ന് അഗ്നിരക്ഷാ സേന എത്തി കാര്‍ വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ വാഹനഗതാഗതം തടസപ്പെട്ടു. കുറവിലങ്ങാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.



