പാകിസ്താനിൽ സ്വാതന്ത്ര്യദിന ആഘോഷത്തിനിടെ വെടിവെപ്പ്; മൂന്ന് മരണം

കറാച്ചി : പാകിസ്താനിൽ സ്വാതന്ത്ര്യദിനത്തിൽ ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പിൽ മൂന്ന് മരണം. ജിയോ ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 64 പേർക്ക് വെടിവെപ്പിൽ പരിക്കേൽക്കുകയും ചെയ്തു. രണ്ട് വ്യസ്തസംഭവങ്ങളിലായാണ് ആളുകൾക്ക് പരിക്കേറ്റത്. ആഘോഷത്തിനിടെയുണ്ടായ ഏരിയൽ വെടിവെപ്പിലാണ് ആളുകൾ കൊല്ലപ്പെട്ടത്.
അസീസാബാദിൽ ചെറിയ കുട്ടിയും കൊരാങിയിൽ സ്റ്റീഫൻ എന്നയാളുമാണ് കൊല്ലപ്പെട്ടതെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ട മൂന്നാമനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. പരിക്കേറ്റവരെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം കറാച്ചിയിലുടനീളം പുരോഗമിക്കുകയാണ്.
കൊരാങി, ല്യാരി, മെഹ്മുദാബാദ്, അക്തർ കോളനി, കെമാരി, ജാക്സൺ, ബാൽദിയ, ഒറാങി ടൗൺ, പാപോഷ് നഗർ തുടങ്ങിയ ഏരിയൽ ഫയറിങ് ഉണ്ടായത്. പരിക്കേറ്റവരെ സിവിൽ, ജിന്ന, അബ്ബാസി ഷഷീദ് ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഗുലിസ്താൻ-ഇ-ജൗഹറിലെ സ്വകാര്യ ആശുപത്രിയിലും ആളുകളെ പ്രവേശിപ്പിച്ചിട്ടുണ്ട്.
വെടിവെപ്പ് നടത്തിയെന്ന് സംശയിക്കുന്ന 20 പേരെ വിവിധ ഭാഗങ്ങളിൽ നിന്നായി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ആചാരം അപകടകരമാണെന്ന് അധികൃതർ അപലപിച്ചു. സ്വാതന്ത്ര്യദിനം സുരക്ഷിതമായ രീതിയിൽ ആഘോഷിക്കാൻ പൗരന്മാരോട് അഭ്യർത്ഥിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും സംഭവത്തിന് പിന്നിൽ ആരുണ്ടെങ്കിലും അവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പാകിസ്താൻ പൊലീസ് പറഞ്ഞു.