അന്തർദേശീയം
തായ്ലന്റിൽ സ്കൂളിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്ക്

ബാങ്കോക്ക് : തായ്ലന്റിൽ സ്കൂളിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്ക്. അക്രമിയെന്ന് സംശയിക്കുന്ന 18കാരനെ വെടിവച്ച് കീഴ്പ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ബുധനാഴ്ച്ച വൈകുന്നേരമാണ് ഹാറ്റ് യായ് ജില്ലയിലെ സ്കൂളിൽ വെടിവെപ്പുണ്ടായത്.
അക്രമിയെ പിടികൂടിയെന്നും ഇയാൾ ബന്ദികളാക്കിയ അധ്യാപകരെയും വിദ്യാർഥികളെയും മോചിപ്പിച്ചുവെന്നും അധികൃതർ നേരത്തെ അറിയിച്ചിരുന്നു. സ്കൂളിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്നും അധികൃതർ പറഞ്ഞു. ആക്രമണത്തിൽ ഒരു അധ്യാപകനും വിദ്യാർഥിക്കും വെടിയേറ്റതായാണ് പ്രാഥമിക വിവരം.
സുരക്ഷാ ഉദ്യോഗസ്ഥർ സ്കൂൾ കെട്ടിടത്തിനടുത്തേക്ക് നീങ്ങുന്നതിന്റെയും വിദ്യാർഥികൾ ഇറങ്ങി ഓടുന്നതിന്റെയും വ്യത്യസ്ത വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.



