ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിൽ യുഎസ് പിടിച്ചെടുത്ത റഷ്യൻ പതാകയുള്ള എണ്ണക്കപ്പലിലെ മൂന്ന് ഇന്ത്യക്കാരെ വിട്ടയച്ചു

വാഷിംഗ്ടൺ ഡിസി : ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിൽ അമേരിക്ക പിടിച്ചെടുത്ത റഷ്യൻ പതാകയുള്ള മറിനേര എന്ന കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യക്കാരെ വിട്ടയച്ചു. ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതിയായി സെർജിയോ ഗോർ സ്ഥാനമേറ്റെടുത്തതിനു പിന്നാലെയാണ് നടപടി. കപ്പലിലെ 28 ജീവനക്കാരിൽ മൂന്ന് ഇന്ത്യക്കാർക്ക് പുറമേ 17 യുക്രെയ്നികളും രണ്ട് റഷ്യക്കാരും ആറ് ജോർജിയക്കാരുമാണ് ഉണ്ടായിരുന്നത്.
ഉപരോധം ലംഘിച്ച് ഇറാനുമായി എണ്ണവ്യാപാരം നടത്തിയതിനു യുഎസ് വിലക്കിയിരുന്ന ബെല്ല 1 എന്ന മറിനേര കപ്പലാണു പിടിച്ചത്. ആഴ്ചകളോളം കപ്പലിനെ പിന്തുടർന്ന ശേഷമായിരുന്നു നടപടി. പിന്നാലെ, കരീബിയൻ കടലിലും വെനസ്വേലൻ എണ്ണയുമായി ബന്ധമുണ്ടെന്നാരോപിച്ച് മറ്റൊരു കപ്പലും പിടിച്ചെടുത്തിരുന്നു .ബെല്ല 1 എന്ന പേരിൽ അറിയപ്പെട്ടിരുന്ന കപ്പൽ അടുത്തിടെയാണ് മറിനേര എന്നു പേരു മാറ്റിയത്. ക്രൂഡ് ഓയിൽ കൊണ്ടുപോകുന്ന കപ്പൽ കാലിയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.കപ്പൽ പിടിച്ചെടുക്കാൻ യുഎസ് സൈന്യത്തിനു ബ്രിട്ടിഷ് സൈന്യം പിന്തുണ നൽകിയിരുന്നു.



