തിരുവനന്തപുരം – ഡല്‍ഹി എയർ ഇന്ത്യ വിമാനത്തിന് ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ്; കേരള എംപിമാർ അടക്കം 160 യാത്രക്കാർ

ചെന്നൈ : തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് പോയ എയർ ഇന്ത്യ 2455 വിമാനം ചെന്നൈയില്‍ അടിയന്തരമായി ഇറക്കി. റഡാറിലെ തകരാറിനെ തുടര്‍ന്നാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. വിമാനത്തിൽ കേരളത്തിൽ നിന്നുള്ള എംപിമാരായ കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, കെ രാധാകൃഷ്ണൻ, തമിഴ്നാട്ടിൽ നിന്നുള്ള എംപിയായ റോബർട്ട് ബ്രൂസ് എന്നിവരടക്കം മൊത്തം 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
യാത്രക്കാരെല്ലാരും സുരക്ഷിതരാണ്. വൈകിട്ട് 7.15ന് തിരുവനന്തപുരത്ത് നിന്ന് പറന്നുയരേണ്ട വിമാനം അരമണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചെന്നൈയില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. ചെന്നൈ വിമാനത്താവളത്തിന് മുന്നില്‍ ഒരു മണിക്കൂര്‍ പറന്നതിന് ശേഷമാണ് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയത്. അടിയന്തര ലാൻഡിങിന് ശ്രമിക്കവെ റൺവേയിൽ മറ്റൊരു വിമാനം എത്തിയത് പ്രതിസന്ധിയുടെ ആക്കം കൂട്ടിയിരുന്നു.
വിമാനത്തിലെ മുഴുവൻ യാത്രക്കാർ സുരക്ഷിതരാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ‘‘വിമാനം സാങ്കേതിക തകരാറുകളെ തുടർന്നു ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. ക്യാപ്റ്റൻ വെങ്കിടേഷിന്റെ അസാമാന്യ മികവുമൂലം, റഡാറുമായി ബന്ധം നഷ്ടപ്പെടുകയും ചെന്നൈ വിമാനത്താവളത്തിലെ അടിയന്തര ലാൻഡിങ് സമയത്ത് മറ്റൊരു വിമാനവുമായി കൂട്ടിമുട്ടൽ ഒഴിവാക്കുകയും ചെയ്ത വിമാനം മുഴുവൻ യാത്രക്കാരുമായി സുരക്ഷിതരായി ചെന്നൈയിൽ ലാൻഡ് ചെയ്തു’’– കൊടിക്കുന്നിൽ സുരേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.