കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച മുപ്പതുകാരന് രോഗമുക്തി

കോഴിക്കോട് : അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച മുപ്പതുകാരന് രോഗമുക്തി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ വയനാട് തരുവണ സ്വദേശിയാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.
29 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് യുവാവ് ആശുപത്രി വിട്ടത്. ചെന്നൈയില്‍ ജോലി ചെയ്യുന്ന യുവാവ് അവിടെ കുളത്തില്‍ കുളിച്ചതിനെ തുടര്‍ന്നാണു രോഗം പിടിപെട്ടത്.
അവിടെ നടത്തിയ പരിശോധനയില്‍ മസ്തിഷ്‌ക ജ്വരമാണെന്നു കണ്ടിരുന്നു. കുറച്ചു ദിവസത്തെ ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടു വയനാട്ടിലെത്തി. വീണ്ടും പനി ബാധിച്ചതിനെ തുടര്‍ന്നു കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരമാണെന്നു സ്ഥിരീകരിച്ചത്.
മൂന്നു മാസത്തെ ചികിത്സയ്ക്കു ശേഷം കാസര്‍കോട് സ്വദേശിയായ മറ്റൊരാളും കഴിഞ്ഞ ദിവസം രോഗമുക്തി നേടി ആശുപത്രി വിട്ടിരുന്നു. നിലവില്‍, മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ 7 പേരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മാതൃശിശു സംരക്ഷണ കേന്ദ്രത്തിലും ചികിത്സയില്‍ കഴിയുന്നത്.