കാബൂളിലുണ്ടായ ശക്തമായ സ്ഫോടനങ്ങളിൽ മുപ്പത് പേർ കൊല്ലപ്പെട്ടു; പാക്ക് വ്യോമാക്രമണമെന്ന് സംശയം

കാബൂള്‍ : കാബൂളിലുണ്ടായ ശക്തമായ സ്ഫോടനങ്ങളിൽ മുപ്പത് പേർ കൊല്ലപ്പെട്ടു. പാകിസ്താനാണ് ആക്രമണത്തിന് പിറകിലെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പാക് സൈന്യം വ്യോമാക്രമണം നടത്തിയതാണെന്നും റിപ്പോർട്ടുകളുണ്ട്. തങ്ങളുടെ ഒൻപത് സൈനികരടക്കം 11 പേരെ കൊലപ്പെടുത്തിയതിനുള്ള തിരിച്ചടിയായിട്ടായിരുന്നു ആക്രമണം എന്നാണ് അറിയുന്നത്.
‘വിശ്വസനീയമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ഓപ്പറേഷനിടെ ശക്തമായ വെടിവെപ്പിന് ശേഷം ഭീകരാക്രമണത്തില്‍ പങ്കെടുത്ത 30 തീവ്രവാദികളെയും നരകത്തിലേക്ക് അയച്ചു.’ പാകിസ്തന് ഉന്നത സൈനികോദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
വ്യാഴാഴ്ച രാത്രി വൈകി കാബൂള്‍ നഗരമധ്യത്തില്‍ രണ്ട് ശക്തമായ സ്ഫോടനങ്ങള്‍ നടന്നിരുന്നു. പ്രാദേശിക സമയം രാത്രി 9.50-ഓടെയാണ് സ്ഫോടനങ്ങള്‍ നടന്നത്. കാബൂളിന്റെ മധ്യഭാഗത്ത് ഒന്നിന് പിറകെ ഒന്നായി രണ്ട് സ്ഫോടനങ്ങള്‍ ഉണ്ടായതായി ദൃക്സാക്ഷികള്‍ പറഞ്ഞു. വീടുകളെ വിറപ്പിക്കുന്നത്ര ശക്തമായിരുന്നു പ്രകമ്പനങ്ങള്‍. നഗരത്തിന്റെ പല ഭാഗങ്ങളിലും സൈറണുകള്‍ മുഴങ്ങിയതോടെ ചില താമസക്കാരും വിദേശികളും സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം തേടിയതായി ‘ദി ഫ്രോണ്ടിയര്‍ പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു.
ഉഗ്രശബ്ദത്തെക്കുറിച്ച് വിവരിക്കുന്ന കാബൂള്‍ നിവാസികളുടെ പോസ്റ്റുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞു. എങ്കിലും, കാബൂളിലെ സ്ഫോടനങ്ങള്‍ പാകിസ്താന്റെ സൈനിക നടപടിയുടെ ഭാഗമായിരുന്നുവെന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതേസമയം, സ്ഫോടനം നടന്നതായി അഫ്ഗാനിസ്താന് സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവ് സബീഹുള്ള മുജാഹിദ് സ്ഥിരീകരിച്ചു.
”കാബൂളില്‍ സ്ഫോടന ശബ്ദം കേട്ടു. എന്നാല്‍, ആരും വിഷമിക്കേണ്ട, എല്ലാം ശാന്തമാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.” സബീഹുള്ള മുജാഹിദ് എക്സില്‍ കുറിച്ചു.
തിങ്കളാഴ്ച മച്ച്-കച്ചി ജില്ലയില്‍ പാകിസ്തന് സൈനിക വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) നടത്തിയ ഐഇഡി സ്ഫോടനത്തില്‍ ഒരു സ്പെഷ്യല്‍ ഓപ്പറേഷന്‍സ് കമാന്‍ഡര്‍ ഉള്‍പ്പെടെ ഒൻപത് സൈനികര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പാകിസ്താന് സായുധസേനയുടെ മാധ്യമ-പബ്ലിക് റിലേഷന്‍സ് വിഭാഗമായ ഐഎസ്പിആര്‍, ആക്രമണത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ചു. ‘ഇന്ത്യയുടെ പകരക്കാരായ, ബലൂച് ലിബറേഷന്‍ ആര്‍മി എന്ന് വിളിക്കപ്പെടുന്ന തീവ്രവാദികള്‍, മച്ച്-കച്ചി ജില്ലയിലെ പ്രദേശത്ത് സുരക്ഷാസേനയുടെ വാഹനങ്ങളെ ഐഇഡി ഉപയോഗിച്ച് ലക്ഷ്യമിട്ടു. ഏഴ് സൈനികര്‍ വീരമൃത്യു വരിച്ചു,’ എന്ന് ഐഎസ്പിആര്‍ പ്രസ്താവിച്ചു.