കാലാവധി കഴിഞ്ഞ വെടിമരുന്ന് സംസ്കരിക്കുന്നതിനിടെ സ്ഫോടനം; ഇന്തോനേഷ്യയിൽ സൈനികരുൾപ്പടെ 13 മരണം

ജക്കാർത്ത : കാലാവധി കഴിഞ്ഞ വെടിമരുന്ന് സംസ്കരിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ പതിമൂന്ന് പേർ മരിച്ചതായി റിപ്പോർട്ട്. സൈന്യത്തിന്റേതായിരുന്നു വെടിമരുന്ന്.
വെസ്റ്റ് ജാവയിൽ തിങ്കളാഴ്ചയാണ് സ്ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ പതിമൂന്ന് പേർ മരിച്ചതായി സൈനിക ഉദ്യോഗസ്ഥർ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പെട്ടവരിൽ നാല് സൈനികരും ഒമ്പത് പ്രദേശവാസികളുമാണെന്ന് സൈനിക വക്താവ് ക്രിസ്റ്റോമി സിയാന്റൂരി പറഞ്ഞു. ഉദ്യോഗസ്ഥർ വെടിമരുന്ന് നീക്കം ചെയ്യുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. സ്‌ഫോടനത്തെക്കുറിച്ചും സ്ഫോടന സ്ഥലത്ത് പ്രദേശവാസികൾ എത്തിയതിനെ കുറിച്ചും അന്വേഷിക്കുമെന്ന് ക്രിസ്റ്റോമി സിയാന്റൂരി അറിയിച്ചു.
സൈന്യം ഇത്തരം സ്ഫോടനങ്ങൾ പതിവായി നടത്തുന്ന പ്രദേശമാണിതെന്നും സ്ഫോടന അവശിഷ്ടങ്ങൾ ശേഖരിക്കാൻ ഇവിടേയ്ക്ക് പ്രദേശവാസികൾ സാധാരണയായി എത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു വർഷത്തിനിടെ രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞ വർഷം മാർച്ചിൽ ജക്കാർത്തയ്ക്ക് സമീപം കാലാവധി കഴിഞ്ഞ വെടിമരുന്ന് സൂക്ഷിച്ചിരുന്ന ഒരു ഇന്തോനേഷ്യൻ സൈനിക ഡിപ്പോയിൽ വൻ തീപിടുത്തമുണ്ടായിരുന്നു.