എയർ മാൾട്ടയ്ക്കായി പ്രതിവർഷം സർക്കാർ ചെലവഴിക്കുന്നത് 2.28 ദശലക്ഷം യൂറോ
കഴിഞ്ഞ വർഷം മാർച്ചിൽ പ്രവർത്തനം നിർത്തിയിട്ടും, എയർ മാൾട്ടയ്ക്കായി സർക്കാർ പ്രതിവർഷം ചെലവഴിക്കുന്നത് 2 ദശലക്ഷം യൂറോ . എയർലൈനിൻ്റെ നിലവിലെ വാർഷിക ചെലവിനെക്കുറിച്ചുള്ള ചോദ്യത്തിന് ധനമന്ത്രി ക്ലൈഡ് കരുവാന നൽകിയ പാർലമെന്റ് ഉത്തരത്തിലാണ് ഈ കണക്കുള്ളത്.
എയർ മാൾട്ട ഇപ്പോഴും ജീവനക്കാരെ നിയമിക്കുന്നുണ്ടോയെന്നും അങ്ങനെയെങ്കിൽഎത്ര പേർ ഉണ്ടെന്നുമായിരുന്നു ചോദ്യം. “എയർ മാൾട്ട പിഎൽസിയിൽ ഇപ്പോഴും 51 പേർ ജോലി ചെയ്യുന്നുണ്ട്. ആപേക്ഷിക വാർഷിക ചെലവ് 2.28 ദശലക്ഷം യൂറോയാണ്.” – ധനമന്ത്രി വ്യക്തമാക്കി. 2024 മാർച്ച് 30 നാണ്
എയർ മാൾട്ട അതിൻ്റെ അവസാന ഫ്ലൈറ്റ് സർവീസ് നടത്തിയത്. ഇതോടെ എയർലൈനിൻ്റെ 50 വർഷത്തെ ചരിത്രത്തിന് അന്ത്യം കുറിക്കപ്പെട്ടു. 2021- മുതൽ തന്നെ കമ്പനി ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ തുടങ്ങിയിരുന്നു. ജീവനക്കാരുടെ എണ്ണം 1,000-ൽ നിന്ന് കുറച്ചു. പിരിച്ചുവിടപ്പെട്ട തൊഴിലാളികൾക്ക് ഒന്നുകിൽ ഉദാരമായ പിരിച്ചുവിടൽ പാക്കേജുകൾ വാഗ്ദാനം ചെയ്യപ്പെടുകയോ അല്ലെങ്കിൽ അവരുടെ യഥാർത്ഥ ശമ്പളം നിലനിർത്തിക്കൊണ്ടുതന്നെ പൊതുമേഖലയിലേക്ക് ലയിപ്പിക്കുകയോ ചെയ്തു.
എയർ മാൾട്ടയ്ക്കുള്ള 290 മില്യൺ യൂറോയുടെ സംസ്ഥാന സഹായ അഭ്യർത്ഥന യൂറോപ്യൻ കമ്മീഷൻ നിരസിച്ചതിനെത്തുടർന്ന് 2023-ൽ, കെഎം മാൾട്ട എയർലൈൻസിലേക്ക് മാറുന്നതിന് യൂറോപ്യൻ യൂണിയനുമായി കരാറിലെത്തിയതായി സർക്കാർ പ്രഖ്യാപിക്കുകയായിരുന്നു.
പുതിയ കാരിയർ, കെഎം മാൾട്ട എയർലൈൻസ്, 2024 മാർച്ച് 31 ന്, 350 മില്യൺ യൂറോ മുതൽമുടക്കിൽ കന്നി ഫ്ലൈറ്റ് നടത്തി.