ദേശീയം

ആദ്യ മഴയിൽ തന്നെ അയോധ്യയിലെ രാമക്ഷേത്രം ചോർന്നൊലിക്കുന്നു : മുഖ്യ പുരോഹിതൻ

അയോധ്യ ധാം റെയിൽവേ സ്‌റ്റേഷന്റെ മതിലും കഴിഞ്ഞദിവസം മഴയിൽ തകർന്നുവീണു

ലഖ്നൗ : അയോധ്യയിലെ രാമക്ഷേത്രം ആദ്യ മഴയിൽ തന്നെ ചോർന്നൊലിക്കുകയാണെന്ന് മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. രാംലല്ലയുടെ വിഗ്രഹം സ്ഥാപിച്ച ശ്രീകോവിലിന്റെ മേൽക്കൂര ചോർന്നൊലിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ ശ്രദ്ധ ചെലുത്തുകയും എന്താണ് പ്രശ്നമെന്ന് കണ്ടെത്തുകയും വേണം. ഇത് വളരെ പ്രധാനപ്പെട്ടതാണ്. ക്ഷേത്രത്തിൽനിന്ന് വെള്ളം ഒഴുകിപ്പോകാൻ വഴിയില്ല. മഴ ശക്തിപ്രാപിച്ചാൽ ഭക്തർക്ക് ക്ഷേത്രത്തിനകത്ത് പ്രാർഥന നിർവഹിക്കാൻ ബുദ്ധിമുട്ടാണെന്നും ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.

ഇത് വളരെ ആശ്ചര്യകരമാണ്. ഇവിടെ ഒരുപാട് എൻജിനീയർമാരുണ്ടായിരുന്നു. ജനുവരി 22ന് പ്രാണപ്രതിഷ്ഠയും നടന്നു. പക്ഷെ, മേൽക്കൂരയിൽനിന്ന് വെള്ളം ചോരുകയാണ്. ഇക്കാര്യം ആരും ചിന്തിച്ചിട്ടുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഒന്നാം നിലയിൽനിന്ന് മഴവെള്ളം ചോരുന്നുണ്ടെന്ന് രാമക്ഷേത്ര നിർമാണ കമ്മിറ്റി ചെയർപേഴ്സൻ നൃപേന്ദ്ര മിശ്രയും പറഞ്ഞു. എന്നാൽ, ഗുരുമണ്ഡപം തുറന്ന നിലയിലായതിനാൽ ഇത് പ്രതീക്ഷിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നാം നിലയിൽനിന്നാണ് മഴവെള്ളം ചോരുന്നത്. ഗുരു മണ്ഡപം തുറന്ന നിലയിലായതിനാൽ ഇത് പ്രതീക്ഷിച്ചതാണ്. ശ്രീകോവിലിന്റെ രണ്ടാം നിലയുടെ നിർമാണം പൂർത്തിയാകുന്നതോടെ ഇത് നിൽക്കും.എല്ലാ മണ്ഡപങ്ങളും വെള്ളം ഒഴുകിപ്പോകുന്ന രീതിയിലാണ് നിർമിച്ചിട്ടുള്ളത്. ശ്രീകോവിലിൽനിന്ന് വെള്ളം പോകാൻ ഇടമില്ല. ഇവിടെനിന്ന് വെള്ളം സ്വയം വലിച്ചെടുക്കണം. ക്ഷേത്രത്തിന്റെ ഡിസൈനിലോ നിർമാണത്തിലോ യാതൊരു പ്രശ്നവുമില്ല. തുറന്നിട്ട മണ്ഡപങ്ങളിൽനിന്ന് വെള്ളം വീണേക്കാം. പക്ഷെ, നഗർ വാസ്തുവിദ്യാമാനദണ്ഡങ്ങൾ പ്രകാരം ഇവ തുറന്നിടാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും നൃപേന്ദ്ര മിശ്ര കൂട്ടിച്ചേത്തു.

2024 ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പെ ധൃതിപിടിച്ച് ഉദ്ഘാടനം നടത്തുകയായിരുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നു. ക്ഷേത്ര നിർമാണം പൂർത്തിയാകും മുമ്പായിരുന്നു ഉദ്ഘാടനം നടന്നത്.ആറുമാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത അയോധ്യ ധാം റെയിൽവേ സ്‌റ്റേഷന്റെ മതിലും കഴിഞ്ഞദിവസം മഴയിൽ തകർന്നുവീണിട്ടുണ്ട്. 20 മീറ്റർ നീളത്തിലാണ് മതിൽ പൊളിഞ്ഞുവീണത്. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ഭാഗമായി 240 കോടിയോളം രൂപ ചെലവിട്ടാണ് റെയിൽവേ സ്റ്റേഷൻ പുതുക്കി പണിതത്. 2023 ഡിസംബർ 30നാണ് പ്രധാനമന്ത്രി ഇത് ഉദ്ഘാടനം ചെയ്തത്.

മതിൽ തകർന്നതോടെ അഴിമതി ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. അയോധ്യ നിർദയമായി കൊള്ളയടിക്കപ്പെട്ടെന്ന് എസ്.പി നേതാവ് ഐ.പി സിങ് പ്രതികരിച്ചു. ഉദ്ഘാടനത്തിന് ശേഷമുള്ള ആദ്യ മഴക്കാലത്തെ പോലും താങ്ങാൻ പുതിയ മതിലിന് കഴിയുന്നില്ല. നൂറ്റാണ്ടുകളായി ഈ കപട അഴിമതി തുടരുന്ന ബി.ജെ.പിക്കും സംഘ്പരിവാറിനും അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, മതിൽ അയോധ്യ ധാം സ്‌റ്റേഷന്റെ പ്രധാന കെട്ടിടത്തിന്റെ ഭാഗമല്ലെന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം. സ്വകാര്യ വ്യക്തികൾ മതിലിനോട് ചേർന്ന് കുഴിയെടുത്തതാണ് പ്രശ്‌നമായതെന്നും ഉടൻ നടപടിയെടുക്കുമെന്നും റെയിൽവേ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button